‘ഗവർണർ സാഹിബ് ഗോ ബാക്ക്’: വിസ്മരിക്കപ്പെട്ട ‘ഗാന്ധിമുത്തശ്ശി’: ആരാണ് മാതംഗിനി ഹസ്റ?
Mail This Article
അഞ്ചു വർഷം മുൻപുള്ള ഒരു നവംബറിൽ, ബംഗാളിലെ തുറമുഖനഗരമായ ഹാൽദിയയിലെ മനോഹരമായ പാർക്കിലാണ് വ്യത്യസ്തമായ ആ പ്രതിമ ഞാൻ കണ്ടത്. ഒരു കയ്യിൽ പതാകയേന്തി, നെഞ്ചുവിരിച്ച്, ആകാശത്തേക്കു കണ്ണുകൾ പായിച്ച്, പരുക്കൻ സാരി പുതച്ചുനിൽക്കുന്ന നിർഭയയായ ഒരു വയോധികയുടെ പ്രതിമ; ഗാന്ധിജിയുടെ സ്ത്രീരൂപംപോലെ. എനിക്ക് ഒറ്റനോട്ടത്തിൽ അതാരാണെന്നു മനസ്സിലായില്ല. പ്രതിമയുടെ താഴെയുള്ള ഫലകം ശ്രദ്ധിച്ചപ്പോഴാണ് മത്സരപ്പരീക്ഷകളുടെ വിദൂരഭൂതകാലത്തെവിടെയോ കേട്ടുമറന്ന ഒരു പേര് മനസ്സിൽ തെളിഞ്ഞുവന്നത്. എന്നിട്ടും, ആ പേരിനപ്പുറം ഏറെയൊന്നും അവർ പരിചിതയല്ലല്ലോ എന്നു ചിന്തിച്ചപ്പോൾ ആത്മനിന്ദയാൽ തല കുനിഞ്ഞു. അടിയുറച്ച ഗാന്ധിശിഷ്യയും ദേശീയപ്രസ്ഥാനത്തിലെ വീരോജ്വലമായ ഒട്ടേറെ പോരാട്ടങ്ങളുടെ സംഘാടകയുമായ മാതംഗിനി ഹസ്റയുടെ പ്രതിമയായിരുന്നു അത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു മരണം വരിച്ച ധീരവനിത. സ്വാതന്ത്ര്യസമരചരിത്രത്തിൽത്തന്നെ അപൂർവമായ സ്ത്രീ രക്തസാക്ഷി. എന്നിട്ടും, മുഖ്യധാരാ ചരിത്രത്തിൽനിന്ന് അവർ വിസ്മൃതയായി. ഗാന്ധിമുത്തശ്ശിയെന്ന് അർഥം വരുന്ന ‘ഗാന്ധിബുരി’ എന്നായിരുന്നു മാതംഗിനി അറിയപ്പെട്ടിരുന്നത്. ബംഗാളിലെ മിഡ്നാപുർ ജില്ലയിൽ തംലൂക്കിനടുത്തുള്ള