പാരിസ്ഥിതിക ചട്ടങ്ങളുടെ പേരിൽ അനുമതി നിഷേധിക്കരുതെന്ന് മോദി; മേധ ചോദിക്കുന്നു: ജനമാണോ പരിസ്ഥിതിയാണോ മുന്നിൽ?
Mail This Article
‘രക്ഷിക്കണേ’യെന്ന് കേഴുന്നത് ഒരു നദിയാണെങ്കിലും മേധ പട്‌കർ വിളി കേൾക്കും. അങ്ങനെയാണ് അവർ നർമദ ബച്ചാവോ ആന്ദോളന് തുടക്കമിട്ടത്. നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം അണക്കെട്ടുകൾ നിർമിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ആ സമരം. അന്ന് അണക്കെട്ട് കാരണം കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമായിരുന്ന ആദിവാസി വിഭാഗക്കാരും കർഷകരും മാത്രമല്ല സാമൂഹിക–പാരിസ്ഥിതിക പ്രവർത്തകരും മേധയ്ക്കൊപ്പം കൈപിടിച്ച് നദിക്കു വേണ്ടി നിലകൊണ്ടു. ഒരു ഘട്ടത്തിൽ നദിയിലേക്കിറങ്ങി അതിനു കാവലിരുന്നു. ഡിസംബർ ഒന്നിന് 70 വയസ്സാകും മേധയ്ക്ക്. ഇതിനോടകം അവർ ഏറ്റെടുത്ത പാരിസ്ഥിതിക സമരങ്ങളും സാമൂഹിക ഇടപെടലുകളും ഏറെയാണ്. അതിൽ മുംബൈയിലെ ചേരികളിലെ പ്രവർത്തനങ്ങൾ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ വരെയുണ്ട്. നർമദ സമരത്തോടെ ലോകമെങ്ങും ആ പേരെത്തുകയും ചെയ്തു. പ്ലാച്ചിമട സമരത്തിൽ ഉൾപ്പെടെ കേരളത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലപ്പോഴായി എത്തിയിട്ടുണ്ട് മേധ. പ്രകൃതിദുരന്തങ്ങൾ ഒന്നൊഴിയാതെ കേരളത്തിനു മേൽ പതിക്കുകയാണ്. പരിസ്ഥിതിക്ക് മുൻപെങ്ങുമില്ലാത്ത വിധം ചർച്ചകളിൽ ഇടം ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പാരിസ്ഥിതിക– സാമൂഹിക സാഹചര്യങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുള്ള മേധ പട്കർക്ക് കേരളത്തെക്കുറിച്ചും പറയാനേറെയുണ്ട്.