കായിക താരങ്ങൾ ഓടിയാൽ കുഴിയിൽ വീഴും; കാട് മൂടിപ്പോയത് കോടികൾ; 32 കോടിയുടെ ഉപകരണങ്ങളും എവിടെപ്പോയി?
Mail This Article
കർണാടകയിൽ 1997ൽ നടന്ന ദേശീയ ഗെയിംസ് വഴി ബെംഗളൂരു നഗരത്തിനു ലഭിച്ചതു രണ്ടു മനോഹര സ്റ്റേഡിയങ്ങളാണ്– ശ്രീകണ്ഠീരവ സ്റ്റേഡിയവും ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയവും. ഇന്നും കർണാടകയുടെ സ്പോർട്സ് മികവിന്റെ കേന്ദ്രങ്ങളാണിത്. കർണാടകയിൽ മാത്രമല്ല, ഡൽഹിയിലും മണിപ്പുരിലുമെല്ലാം ദേശീയ ഗെയിംസുകൾക്കു പിന്നാലെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളുണ്ടായി. കേരളത്തിന്റെ കാര്യമോ? 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങൾ, ഗെയിംസ് വില്ലേജ്, കോടികൾ മുടക്കി വാങ്ങിയ കായിക ഉപകരണങ്ങൾ എന്നിവയുടെ അവസ്ഥ എന്താണ്? ‘മനോരമ’ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ആരെയും ഞെട്ടിക്കും. ഒളിംപ്യന്മാരടക്കം പരിശീലിച്ചു വളർന്ന തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ അത്‍ലറ്റിക് ട്രാക്ക് ഇല്ലാതാക്കിയാണു ദേശീയ ഗെയിംസിനായി സിന്തറ്റിക് ഫുട്ബോൾ ടർഫ് ഒരുക്കിയത്. 7 കോടി രൂപയായിരുന്നു ചെലവ്. പവിലിയനും നിർമിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് സ്റ്റേഡിയത്തിന്റെ നിയന്ത്രണം കോർപറേഷൻ ഏറ്റെടുത്തതോടെ തുടങ്ങി ദുർഗതി. അറ്റകുറ്റപ്പണിയില്ലാതെ ടർഫ് നാശമായി. കൃത്രിമപ്പുല്ല് അടർന്നുമാറി പലയിടത്തും കുഴികളായി.