‘പൂരം വെടിക്കെട്ട് തരുമോയെന്ന് ശിവകാശി ലോബി; കണ്ണ് 2000 കോടിയിൽ’; സുരേഷ് ഗോപിയും മന്ത്രിയും അറിഞ്ഞില്ലേ?
Mail This Article
‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല്‍ 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.