വിശ്വസിക്കാം; സംശയിക്കേണ്ട – ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
Mail This Article
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864-1914) മലയാളസാഹിത്യത്തിലെ അനന്യവിസ്മയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശ്ലോകങ്ങളുള്ള വ്യാസഭാരതം കേവലം 874 ദിവസംകൊണ്ട് പദ്യരൂപത്തിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. തീർന്നില്ല, അദ്ദേഹത്തിന്റെ വിവർത്തനത്തിൽ പിഴവുണ്ടെന്ന് മാവേലിക്കരത്തമ്പുരാനും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരും ആരോപണമുന്നയിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പദ്യരൂപത്തിൽ മറുപടിയെഴുതി, ഇത്ര ബൃഹത്തായ രചനയിൽ തനിക്ക് ഒരു പിശകു പോലും വരില്ലെന്നും, വല്ലതും കണ്ടെങ്കിൽ അത് അച്ചടിത്തെറ്റാണെന്നും പറയുന്നയാളുടെ ആത്മവിശ്വാസം ആരെയാണ് അദ്ഭുതപ്പെടുത്താത്തത്? 101 ശ്ലോകങ്ങളും ഗദ്യത്തിലുള്ള സംഭാഷണവും ഉൾപ്പെടുന്ന നാടകം അഞ്ചു മണിക്കൂറിലെഴുതിയും മറ്റും അതിവേഗരചനയിൽ പ്രതിഭ തെളിയിച്ച അദ്ദേഹത്തിനു ‘സരസദ്രുതകവികിരീടമണി’ എന്ന പേരും ലഭിച്ചു...