ആണവയുദ്ധത്തിലേക്ക് തള്ളിവിടുമോ സംഘർഷങ്ങള്‍? മറക്കരുത്, ലോകാവസാനം വെറും 90 സെക്കൻഡ് മാത്രം അകലെ!
Mail This Article
യുദ്ധമില്ലാത്ത ലോകം എന്ന പ്രതീക്ഷയുടെ മോഹപുഷ്പമാണു നൊബേൽ സമാധാന സമ്മാനം. 2017ൽ അതു ലഭിച്ചത് ആണവായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ഐ ക്യാൻ) എന്ന സംഘടനയ്ക്കാണ്. ഇക്കൊല്ലം സമ്മാനം നേടിയതു ജപ്പാനിലെ, ആണവബോംബിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്. ആണവായുധമുക്തമായ ലോകം സൃഷ്ടിക്കാനുള്ള പരിശ്രമത്തിനാണ് അംഗീകാരം. ആണവബോംബ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് 80 വർഷത്തിനുശേഷം ഒരു നൊബേൽ സമ്മാനം...! 1945 ഓഗസ്റ്റ് 6: അമേരിക്ക ഹിരോഷിമയിൽ ‘ചിന്നപ്പയ്യൻ’ (LITTLE BOY) എന്ന യുറേനിയം ബോംബിട്ടു. ഒരു ലക്ഷത്തിനാൽപതിനായിരത്തിലധികം പേർ ആണവപ്രസരണത്തിൽ വെന്തെരിഞ്ഞു നാമാവശേഷരായി. ഓഗസ്റ്റ് 9: ഹിരോഷിമയ്ക്കു പിന്നാലെ അമേരിക്ക നാഗസാക്കിയിൽ തടിമാടൻ (FAT MAN) എന്ന പ്ലൂട്ടോണിയം ബോംബിട്ടു. മുക്കാൽലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. രണ്ടു ബോംബുകളുടെയും പേരുകളിലെ ‘ആണത്തം’ നോക്കണേ...! സഹസ്രസൂര്യന്മാരുടെ ശക്തിയുമായി ലോകസമാധാനത്തിനു നേരെ കൊഞ്ഞനം കാട്ടി ആണവായുധയുഗം പിറന്നു. ഹിരോഷിമാവാസികളിൽ 35 ശതമാനവും നാഗസാക്കിവാസികളിൽ 25 ശതമാനവും വെന്തുവെണ്ണീറായി. ദുരന്തഭാരം പേറിയവരിൽ