പാവയുടെ കഷ്ണങ്ങളെന്നു കരുതി, അടുത്തു ചെന്നപ്പോൾ കൈകാലുകളും തലയും വേർപെട്ട ഒരു കുട്ടി! ആ നീണ്ടമുടിയും പലകയും പറയും, ഇത് നരബലി
Mail This Article
‘‘പട്ടാമ്പി പുഴയുടെ തീരത്ത് നാട്ടുകാരാണ് കണ്ടത്. അഴുകിത്തുടങ്ങിയ മൃതദേഹമാണ്. അവിടെ വരെ പോയി ചെയ്താൽ സഹായമായി.’’ 20 വർഷം മുൻപ്, 2004ലെ ഒരു ദിവസം ആരംഭിച്ചത് അന്നത്തെ പാലക്കാട് എസ്പിയുടെ ഇങ്ങനെയൊരു ഫോൺകോളിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവരാൻ പറ്റാത്ത നിലയിലാണ് മൃതദേഹമെങ്കിൽ, സ്പോട്ടിൽ പോയി പോസ്റ്റ്മോർട്ടം ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന മൃതദേഹങ്ങൾ പലതും അവകാശികളില്ലാത്ത അഞ്ജാതരുമായിരിക്കും. അക്കാലത്ത് ജില്ലയിൽ ഒരു പൊലീസ് സർജൻ വീതമാണുള്ളത്. ആറോ ഏഴോ മൃതദേഹങ്ങൾ ഒരു ദിവസം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരും മിക്കപ്പോഴും. അന്നത്തെ ദിവസവും ജില്ലാ ആശുപത്രിയിൽ രണ്ട് പോസ്റ്റ്മോർട്ടങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഏഴിന് തന്നെ അത് ആരംഭിച്ച് 9 മണിയോടെ നടപടികൾ പൂർത്തിയാക്കി. മൃതദേഹം കണ്ടെന്നറിയിച്ച പട്ടാമ്പിയിലേക്ക് പാലക്കാട് നിന്ന് 60 കിലോമീറ്ററിലധികം ദൂരമുണ്ട്. 11 മണിയോടടുത്താണ് പട്ടാമ്പിയിലെത്തുന്നത്. വേനൽക്കാലമാണ്. വെള്ളം വറ്റിത്തുടങ്ങിയതുകൊണ്ട് വെള്ളമെടുക്കാൻ പുഴയോരത്ത് ആളുകൾ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഉറവ കൂടി വെള്ളം വന്നു നിറയും. താൽക്കാലിക കിണർ എന്നൊക്കെ വേണമെങ്കിൽ പറയാം. അങ്ങനെയുള്ള കുഴികളിൽ ഒന്നിലായിരുന്നു മൃതദേഹം. ദൂരക്കാഴ്ചയിൽ പൊട്ടിപ്പോയ ഒരു പാവയുടെ ഏതോ ഭാഗങ്ങളാണ് ആ കുഴിയിൽ കിടക്കുന്നതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പക്ഷേ, അതൊരു അഞ്ചു വയസ്സുകാരന്റെ മൃതദേഹമായിരുന്നു. ഒരു കാലും ഒരു കൈയും തലയും വേർപെട്ട മൃതദേഹം!