മതനിരപേക്ഷതയെ ആർക്കാണ് പേടി? - വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
ഇന്ത്യൻ ഭരണഘടനയുടെ ഒറ്റവാക്യത്തിലുള്ള ആമുഖത്തിൽ 1976 ഡിസംബർ 18നു കൂട്ടിച്ചേർത്തതു നാലു വാക്കുകളാണ്: ‘socialist’, ‘secular’, ‘and integrity’. രാഷ്ട്രസ്വഭാവത്തെ വിശേഷിപ്പിക്കുന്ന പദങ്ങളായ പരമാധികാര– ജനാധിപത്യ– റിപ്പബ്ലിക് എന്നിവയ്ക്കു കൂട്ടായാണ് സോഷ്യലിസവും മതനിരപേക്ഷതയും ഉൾപ്പെടുത്തിയത്. രാഷ്ട്ര ‘ഐക്യം’ മാത്രം വാഗ്ദാനം ചെയ്തിരുന്ന ഭാഗത്ത് ‘അഖണ്ഡതയും’ എന്നു ചേർത്തു. കാലം അടിയന്തരാവസ്ഥയുടേതായിരുന്നു: ആമുഖ പരിഷ്കാരം ഉൾപ്പെടെ ഭരണഘടനയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയ 42–ാം ഭേദഗതി ബില്ലിനെ ലോക്സഭയിൽ ആകെ അഞ്ചുപേരാണ് എതിർത്തത്; രാജ്യസഭയിൽ ആരും എതിർത്തില്ല. ഈ മാറ്റങ്ങൾ മിനർവ മിൽസ് കേസിൽ 1980ൽ സുപ്രീം കോടതി പരിശോധിച്ചു; പലതും ഭരണഘടനാവിരുദ്ധമെന്ന് കടുത്ത വിമർശനം ചേർത്ത് അഞ്ചംഗ ബെഞ്ച് പ്രഖ്യാപിച്ചു. എന്നാൽ, ആമുഖത്തിൽ ചേർത്ത വാക്കുകളെക്കുറിച്ച് അവർ പറഞ്ഞു: ‘ഇവ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിലാണെന്നു മാത്രമല്ല, ഭരണഘടനയുടെ തത്വദർശനത്തിനു ചൈതന്യവും അടിത്തറയ്ക്കു ബലവും തുണയും നൽകുന്നവയുമാണ്... ഇവ കൂടുതൽ വാഗ്ദാനം ചെയ്യുന്നതാണ്, പവിത്രമായ പൈതൃകത്തെ നശിപ്പിക്കുന്നതല്ല.’ എന്നിട്ടും, അഞ്ചു പതിറ്റാണ്ട് അടുത്തിട്ടും, സംശയങ്ങൾ തീരാത്തവർ ഒട്ടേറെയുണ്ട്. അവരിൽ രണ്ടു പ്രമുഖരാണ് ഏഴു മാസം കേന്ദ്ര നിയമമന്ത്രിയായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയും തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും.