‘ബിജെപിയിലേക്കു പോകുമോ?’– ശശി തരൂർ പറയുന്നു, എനിക്ക് ചില മറുപടികളുണ്ട്...; ‘മോദി അന്നു പറഞ്ഞത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ട്’
Mail This Article
മുംബൈയിലെ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി എന്നോട് ഒരാൾ ജാതി ചോദിക്കുന്നത്. രാജ് കപൂറിന്റെ മകൻ, പിൽക്കാലത്ത് ബോളിവുഡ് സെൻസേഷനായ ഋഷി കപൂറായിരുന്നു അത്– ‘ഏതാ നിന്റെ ജാതി?’ എന്നാണ് ഋഷി ചോദിച്ചത്. സ്കൂളിലെ ഒരു മത്സരത്തിൽ ഋഷിക്കെതിരെ ഞാനൽപം തിളങ്ങിനിന്നതിനു പിന്നാലെയായിരുന്നു പടിക്കെട്ടുകളിലൊന്നിൽ വച്ച് എന്നെ തടഞ്ഞ് അദ്ദേഹം അക്കാര്യം ചോദിച്ചത്. ‘ആർ യു എ ബ്രാഹ്മിൺ ഓർ സംതിങ്’ എന്നാണ് ചോദിച്ചത്. ഞാൻ ‘സംതിങ്’ കൂടിയാണോ എന്നെനിക്കറിയില്ല എന്നാണു ഞാൻ സരസമായി മറുപടി പറഞ്ഞത്. എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് യഥാർഥത്തിൽ എനിക്കറിയില്ലായിരുന്നു. അതിനു പിന്നിലും ജീവിതവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളുണ്ട്. ഇന്ത്യയിൽ ദേശീയപ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് എന്റെ പിതാവും പ്രവർത്തിച്ചിരുന്നത്. പാലക്കാട് പഠിക്കുന്ന കാലത്ത് ഹൈസ്കൂൾ വരെ അദ്ദേഹത്തിന്റെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടായിരുന്നു. അക്കാലത്ത് ഗാന്ധിജിയുടെ ഉൾപ്പെടെ വാക്കുകൾ കേട്ട് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചു, പേരിനൊപ്പം വീട്ടുപേര് മാത്രമാക്കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. ജാതി തനിയെ ഇന്ത്യയിൽനിന്ന് മാഞ്ഞു പോകുമെന്നാണ് നെഹ്റു പോലും അന്ന് വിശ്വസിച്ചിരുന്നത്. പിന്നീട് ഞങ്ങൾ ബോംബെയിലേക്ക് താമസം മാറി. അവിടത്തെ വീട്ടിൽ പല ജാതിയിലും മതത്തിലുമുള്ള കുട്ടികൾ എനിക്കൊപ്പം കളിക്കാൻ വരുമായിരുന്നു. എന്നാൽ അവരോടൊന്നും എന്റെ വീട്ടിലെ ആരും ജാതിയോ മതമോ ചോദിച്ചിട്ടില്ല. അതിനെപ്പറ്റി വീട്ടിലാരും സംസാരിച്ചിട്ടുമില്ല. എന്റെ 10–11 വയസ്സുവരെയൊന്നും എന്താണ് ജാതിയെന്നു പോലും എനിക്കറിയില്ലായിരുന്നു. മതവുമായി ബന്ധപ്പെട്ട് ചിലർ എന്തെല്ലാമോ പഠിക്കുന്നു, അതിൽ എന്തോ വ്യത്യാസങ്ങളൊക്കെ ഉണ്ടെന്നു മാത്രം അറിയാം. വീട്ടിൽ ജാതിയോ മതമോ ഒരു പ്രശ്നവുമായിരുന്നില്ല. ഋഷി കപൂർ എന്നോടു ജാതി ചോദിച്ചതിനെപ്പറ്റി ഞാൻ അച്ഛനോടു പറഞ്ഞു. എന്താണ് ജാതിയെന്നും ചോദിച്ചു.