യുഎസിൽ പുകയുന്ന ‘മാലിന്യം’ കത്തിപ്പടരുമോ? ‘ആടിയുലയുന്ന’ വോട്ടുകൾ ആര് പിടിക്കും; ഇത്തവണയും ‘തുറുപ്പുചീട്ട്’ വിസ്കോൻസെൻ!
Mail This Article
മിൽവോക്കിയിൽ ഇതു തണുപ്പുകാലമാണ്. കരുതലില്ലാതെ പുറത്തിറങ്ങിയാൽ വിറയ്ക്കും. പക്ഷേ, അളക്കുന്നതു രാഷ്ട്രീയ താപമാപിനികൊണ്ടാണെങ്കിൽ കൊടുംചൂടെന്നു പറയേണ്ടി വരും. തണുപ്പു മാത്രമാണെങ്കിൽ സഹിക്കാമെന്നുവയ്ക്കാം. കാറ്റാണ് പ്രശ്നം. നിന്നനിൽപിൽ തണുത്ത കാറ്റു വീശിക്കളയും. എവിടെ നിന്നെന്നോ എങ്ങോട്ടെന്നോ മനസ്സിലാവില്ല. രാഷ്ട്രീയക്കാറ്റും അങ്ങനെതന്നെ. ചുറ്റും വീശുന്നുണ്ട്. ദിശയാണ് പിടികിട്ടാത്തത്. നമുക്കു മാത്രമല്ല; നവംബർ അഞ്ചിനു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റാകാൻ കാത്തിരിക്കുന്ന കമല ഹാരിസിനും ഡോണൾഡ് ട്രംപിനും അതു മനസ്സിലാകുന്നില്ല. ആഞ്ഞുപിടിക്കുകയാണ് ഇരുവരും. അല്ലെങ്കിൽ ഒരേ ദിവസം, ഒരേ സമയത്തു മിൽവോക്കിയിൽ വെറും 10 കിലോമീറ്റർ അകലത്തിൽ രണ്ടുപേരും റാലി വയ്ക്കില്ലല്ലോ. രാഷ്ട്രീയ ദ്വന്ദ്വയുദ്ധം തന്നെ. മിൽവോക്കിയടങ്ങുന്ന വിസ്കോൻസെൻ സംസ്ഥാനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രവചനാതീതമെന്നു കണക്കാക്കപ്പെടുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലൊന്നായ വിസ്കോൻസെൻ പിടിച്ചെടുക്കുക നിർണായകമാണ്. പ്രസിഡന്റ് പദവിയിലെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകൾ. ഇരുപാർട്ടികളും ഉറച്ചകോട്ടകളെന്നു കരുതുന്ന സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ തങ്ങൾക്കു കിട്ടുമെന്നു കണക്കുകൂട്ടുകയും ഒപ്പത്തിനൊപ്പമെന്നു കരുതുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതെത്താൻ പതിനെട്ടടവും പയറ്റുകയും ചെയ്യുന്നതാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണരീതി. ആടിയുലയുന്ന ഏഴിടങ്ങളിലായി 93 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഉറച്ച കോട്ടകൾ കാക്കാനാകുമെങ്കിൽ കമലയ്ക്ക് 19 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിൽ നിന്നുമായി 226 ഇലക്ടറൽ വോട്ടുകൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ട്രംപിന് 24 സംസ്ഥാനങ്ങളിൽനിന്ന് 219. 270ൽ എത്താൻ വേണ്ടത് ബാക്കിയുള്ള ഏഴു സംസ്ഥാനങ്ങളിൽനിന്നു കണ്ടെത്തണം.