ജയം കോൺഗ്രസിന്റെ ആവശ്യം; ഒന്നിന് മുകളിൽ എല്ലാം ബിജെപിക്ക് ഇരട്ടി മധുരം; രാജസ്ഥാനിൽ വീണ്ടും പൊരിഞ്ഞ പോരാട്ടം
Mail This Article
ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു പാർട്ടി ലക്ഷ്യമിടുന്നത്. നവംബർ 13നാണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകട്ടെ 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില. ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതാണ് എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപി ഈ സീറ്റുകളിൽ ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്.