കേരളത്തിനും തമിഴ്നാടിനും ബിജെപിയില്‍നിന്ന് ഭീഷണി; ഹിന്ദിയെ എതിർക്കുന്നത് വെറുപ്പ് കൊണ്ടല്ല, കേന്ദ്ര ലക്ഷ്യം മറ്റൊന്ന്: ഉദയനിധി
Mail This Article
തമിഴ്നാട് പോലെത്തന്നെ, എന്റെ സ്വന്തം വീട് പോലെത്തന്നെ തോന്നുന്ന ഇടമാണ് കേരളം. ഭാഷയും സാഹിത്യവുമെല്ലാം ചേർന്നാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയപരവും സാമൂഹികപരവുമായ ഭൂമികയെ പരുവപ്പെടുത്തിയെടുത്തത്. സാഹിത്യം, ഭാഷ, രാഷ്ട്രീയം എന്നിവ വച്ചു നോക്കുമ്പോൾ കേരളത്തിനും തമിഴ്‌നാട്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുമുണ്ട്. ദ്രാവിഡ ആചാര്യൻ പെരിയാർ 1924ൽ വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള ടി.എം. നായരാണ് തമിഴ്നാട്ടിൽ സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷനു തുടക്കം കുറിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കാൻ കേരളത്തിലും തമിഴ്നാട്ടിലും സർക്കാർതലത്തിൽത്തന്നെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫാഷിസം നിറഞ്ഞ, വർഗീയത നിറഞ്ഞ നയങ്ങളെ മാറ്റി നിർത്തുന്നതിൽ ഒരുപോലെ പ്രവർത്തിച്ച രണ്ട് സംസ്ഥാനങ്ങൾ കൂടിയാണ് തമിഴ്നാടും കേരളവും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരെ ഇത്ര ശക്തമായി നിലകൊള്ളുന്നത്? ഇവിടങ്ങളിലുള്ള അടിയുറച്ച പുരോഗമനപരമായ രാഷ്ട്രീയമാണ് അതിനു കാരണം. ദേശീയതയേയും ശാസ്ത്രീയതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് തമിഴ് സാഹിത്യം. തമിഴെന്നത് ആശയവിനിമയത്തിനുള്ള ഒരു ഭാഷ മാത്രമായിരുന്നില്ല, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനിടെ, അംഗീകാരവും അന്തസ്സും സ്വാതന്ത്ര്യവും തേടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായിരുന്നു അത്.