മദ്യപിക്കാത്ത പൂജാരിയെ ‘കുടുക്കിയ’ മരുന്ന്; പരിശോധന വൈകിയപ്പോൾ സയനൈഡ് മാഞ്ഞു; അമ്മയെ കൊന്ന മകൻ മരിച്ചത് ‘നിരപരാധി’യായി!
Mail This Article
മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് തടഞ്ഞുനിർത്തിയാൽ എന്തുചെയ്യും? രക്തപരിശോധനയ്ക്ക് സമ്മതമല്ല എന്ന് പറഞ്ഞാൽ പ്രശ്നം അവസാനിക്കും എന്ന് കരുതുന്ന പലരുമുണ്ട്. പരിശോധന നടക്കാതിരുന്നാൽ കോടതിയിലെത്തുമ്പോൾ കേസ് തള്ളിപ്പോകാനുമിടയുണ്ട്. ഒരാൾ വിസമ്മതം പ്രകടിപ്പിച്ചാൽ എന്ത് ചെയ്യണമെന്ന് പ്രായോഗിക തലത്തിൽ പൊലീസിനും ഡോക്ടർമാർക്കും പലപ്പോഴും അവ്യക്തത ഉണ്ടെങ്കിലും ഒരാൾ മദ്യപിച്ചിരുന്നോ എന്ന് തെളിയിക്കാൻ എന്താണ് നടപടിയെന്ന് നിയമം കൃത്യമായ മാർഗരേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്; ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലും മരിച്ചവരുടെ കാര്യത്തിലും. മരിച്ചവരുടെ കാര്യത്തിൽ നടപടികൾ ചിലപ്പോഴെങ്കിലും കുറേക്കൂടി സങ്കീർണവുമാകാറുണ്ട്. ഒരാൾ മദ്യപിച്ചിട്ടുണ്ടോയെന്ന് ഡോക്ടറെക്കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശോധിപ്പിക്കേണ്ടി വരുന്നത് സാധാരണഗതിയിൽ രണ്ടു സാഹചര്യങ്ങളിലാണ്. ഒന്ന് മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ എന്നറിയാൻ. രണ്ടാമത്, മദ്യപിച്ച് തന്നെത്തന്നെ കരുതാൻ കെൽപ്പില്ലാത്ത സാഹചര്യത്തിലാണോ ഒരാൾ പൊതുസ്ഥലത്ത് പെരുമാറുന്നത് എന്നറിയാൻ. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന കേസുകളിൽ കേരള പൊലീസ് ആക്ട് 118–ാം വകുപ്പ് അനുശാസിക്കുന്ന രീതിയിലാണ് പരിശോധന നടത്തേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിലെ പരിശോധന സംബന്ധിച്ച് മോട്ടർ വെഹിക്കിൾ ആക്ട് 185–ാം വകുപ്പിലും വിശദീകരിക്കുന്നുണ്ട്. സാധാരണഗതിയിൽ ഏത് മെഡിക്കോലീഗൽ പരിശോധന നടത്തുമ്പോഴും വ്യക്തിയുടെ സമ്മതം ആവശ്യമുണ്ട്. ഈ പരിശോധന നടത്താൻ തയാറാണ് എന്ന സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാണ് പരിശോധന നടത്തുക. ഇത് ഒഴിവാക്കാനാവുന്നത്, അപകടത്തിലും മറ്റും പരുക്കുപറ്റി ഒരാൾ സ്വമേധയാ ചികിത്സയ്ക്ക് തയാറാവുമ്പോഴാണ്. അത്തരം കേസുകളിൽ സമ്മതം അന്തർലീനമാണ് എന്നാണ് കണക്കാക്കുക. പക്ഷേ, മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ പൊലീസ് ഒരാളെ പരിശോധനയ്ക്ക് കൊണ്ടുവന്നുവെന്നിരിക്കട്ടെ, അയാളിൽ നിന്ന് സമ്മതം എഴുതിവാങ്ങുകയാണ് ആദ്യപടി. ക്രിമിനൽ കുറ്റം ചെയ്തെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന ആളോട് സമ്മതം വാങ്ങിയേ മതിയാവൂ. ഇങ്ങനെ ഹാജരാക്കുന്ന ആൾ പരിശോധനയ്ക്ക് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും?