ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ ആശങ്ക; ‘തിരിച്ചടികളിൽ നിരാശ വേണ്ട’; വിപണിയുടെ പ്രതീക്ഷ ഈ കണക്കുകളിൽ
Mail This Article
ട്രംപാണു ട്രംപ് കാർഡ്. കടന്നുപോയ വ്യാപാരവാരത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലെ മുന്നേറ്റത്തിന്റെയും വാരാന്ത്യത്തിലെ മുഹൂർത്ത വ്യാപാരത്തിൽ പ്രകടമായ പ്രസരിപ്പിന്റെയും അടിസ്‌ഥാനത്തിൽ ഓഹരി വിപണി ഇതാ കുതിപ്പിനൊരുങ്ങുന്നു എന്നു കരുതുക പ്രയാസം. ഒരു പൂ വിരിയുന്നതുകൊണ്ടു പൂക്കാലമാകില്ലല്ലോ. യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്കു നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയിലെ ഓഹരി വിപണിയിൽ ബുൾ – ബെയർ മത്സര വിജയിയെ നിശ്‌ചയിക്കുക. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനാണു യുഎസിലെ വിജയമെങ്കിൽ ഇന്ത്യൻ വിപണിയിൽ തൽക്കാലത്തേക്കെങ്കിലും ബെയർ പക്ഷത്തിനായിരിക്കും വിജയമെന്നു കരുതണം. ട്രംപുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾക്കു യുഎസ് വിപണിയിൽ അടുത്തിടെയായി കണ്ടുവരുന്ന വർധിച്ച പ്രിയം രാഷ്ട്രീയ പ്രവണത പ്രതിഫലിക്കുന്നതാണ്. ∙ ട്രംപിന്റെ സാമ്പത്തിക നയ പ്രഖ്യാപനങ്ങൾ സാമ്പത്തിക നയം സംബന്ധിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങളാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്. അവ ഇന്ത്യയ്ക്കു ദോഷകരമാണ്. യുഎസിനുതന്നെ അവ ദോഷകരമാണെന്നത്രേ കൊളംബിയ സർവകലാശാലയിലെ പ്രഫ. ജോസഫ് സ്‌റ്റിഗ്‌ലിറ്റ്സ് മുതൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡാരോൺ അസെമോഗ്‌ലു വരെയുള്ള നൊബേൽ ജേതാക്കളായ 23 സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ പോലും അഭിപ്രായം.