യുഎസ് അന്നേ പറഞ്ഞൂ, ‘ഇത് തിന്മയുടെ അച്ചുതണ്ട്’; ‘കിം ജോങ് ഉൻ തുറന്നത് അപകടത്തിന്റെ പോർമുഖം’ ഉത്തരകൊറിയയുടെ ലക്ഷ്യം റഷ്യയുടെ ‘വീറ്റോ’?
Mail This Article
32 മാസം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മറ്റു ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനേക്കാള്‍ പിന്നിലാണ്. ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ തുടങ്ങിയ യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും വ്യാപിച്ചതും ദിനംപ്രതി എന്നോണം ഈ പ്രദേശത്തു പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നതുമാണ് ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും ഈ യുദ്ധം ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുവാനുള്ള കാരണം. എന്നാല്‍ ഇറാനും ഇസ്രയേലും അങ്ങോട്ടുമിങ്ങോട്ടും മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍ റഷ്യ- യുക്രെയ്ൻ പോര്‍മുഖത്ത് ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു സംഭവം അരങ്ങേറി. ഇത് വരെ റഷ്യയുടെ സുഹൃത്തുക്കളായ രാജ്യങ്ങള്‍ അവര്‍ക്ക് രഹസ്യമായാണ് സഹായം നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളുടെ പട്ടാളത്തെ യുദ്ധഭൂമിയില്‍ ഇറക്കുക വഴി നിലവിലെ സ്ഥിതി ഉത്തര കൊറിയ മാറ്റിമറിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. ഈ വാര്‍ത്ത യുഎസിന്റെയും നാറ്റോയുടെയും ഔദ്യോഗിക വക്താക്കള്‍ സ്ഥിരീകരിച്ചതിനാല്‍ ഇത് അവിശ്വസിക്കേണ്ട കാര്യവുമില്ല. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന ഒറ്റപ്പെട്ടു കഴിയുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ പല രാജ്യാന്തര സംഘടനകളിലും അംഗമാണെങ്കിലും ഉത്തര കൊറിയക്ക് വളരെ കുറച്ചു രാജ്യങ്ങളുമായി മാത്രമേ സജീവ നയതന്ത്ര ബന്ധമുള്ളൂ. യുഎസ്, ജപ്പാന്‍ മുതലായ ചില രാജ്യങ്ങളുമായി ഈ രാഷ്ട്രത്തിനു നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ഉത്തര കൊറിയയും തമ്മില്‍ 1962 മുതല്‍ നയതന്ത്രബന്ധമുണ്ട്. ഇവരുടെ തലസ്ഥാനമായ യോങ്യാങില്‍ ഇന്ത്യയുടെ എംബസി പ്രവര്‍ത്തിക്കുന്നുമുണ്ട്.