ചില ന്യായാധിപ ചോദ്യങ്ങൾ – വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
രണ്ടു വർഷം നീണ്ട കാലാവധി അവസാനിക്കാറായിരിക്കെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പരസ്യകുമ്പസാരത്തിനൊത്ത ചില ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ‘ഞാൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നോ? ചരിത്രം എന്റെ കാലാവധിയെ എങ്ങനെ വിലയിരുത്തും? മറ്റേതെങ്കിലും രീതിയിൽ പ്രവർത്തിക്കാമായിരുന്നോ? ജഡ്ജിമാരുൾപ്പെടെ നിയമമേഖലയിലുള്ളവർക്കു ഞാൻ കൈമാറുന്ന പൈതൃകമെന്ത്?’ ചോദ്യങ്ങളിൽ പലതും ഉത്തരമില്ലാതെ അവശേഷിക്കുമെന്നും തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെന്നതു തനിക്ക് ആശ്വാസം നൽകുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തുടർന്നുപറയുന്നു. ലക്ഷ്യത്തെക്കാൾ മാർഗത്തിലാണ് താൻ ശ്രദ്ധകേന്ദ്രീകരിച്ചത് എന്നൊരു ന്യായവാദവും അദ്ദേഹത്തിനുണ്ട്. ആദ്യ ചോദ്യത്തിന് ഉത്തരം നൽകേണ്ടതു ചീഫ് ജസ്റ്റിസ് തന്നെയാണ്. താൻ എന്താണ് ആഗ്രഹിച്ചതെന്നു കൃത്യമായി അറിയാവുന്നത് അദ്ദേഹത്തിനു മാത്രമാണ്. വാക്കുകളെക്കാൾ, പ്രവൃത്തിയിലൂടെയാവും താൻ സംസാരിക്കുകയെന്നും എല്ലാവിധത്തിലും താൻ പൗരരെ സംരക്ഷിക്കുമെന്നും പദവിയേൽക്കുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. അവ മാത്രമാണോ ആഗ്രഹിച്ചത്? അതിലേറെയെന്തെങ്കിലും? ആഗ്രഹിച്ചതുപോലെയൊക്കെ സംഭവിച്ചോ ഇല്ലയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ചീഫ് ജസ്റ്റിസ് എപ്പോഴെങ്കിലും പറയുമായിരിക്കും.