വളരാൻ മറന്ന 'മിടുക്കൻ' സംസ്ഥാനം; ബംഗാളിനെ തളർത്തിയത് ദീദിയോ സിപിഎമ്മോ? 'ബോംബെക്ക്' ചെക്ക് വച്ച 'കൽക്കട്ട'
Mail This Article
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന കുട്ടിയെ പോലെ ഒരു മിടുക്കൻ സംസ്ഥാനമുണ്ടായിരുന്നു, ബംഗാള്‍. നാളെയുടെ പുരോഗതിയിൽ രാജ്യത്തിന് താങ്ങായി നിലകൊള്ളുമെന്ന് ഏവരും കരുതിയ സംസ്ഥാനം. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്ക് മുന്നേറി പക്ഷേ അപ്പോഴേക്കും ബംഗാളിന്റ സാമ്പത്തിക വളർച്ച റിവേഴ്സ് ഗിയറിലായിരുന്നു. 2023–24ലെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട് പുറത്തുവരുമ്പോൾ ബംഗാളിന്റെ സ്ഥാനം ബാക്ക് ബെഞ്ചിലാണ്. ഒരുകാലത്ത് മഹാരാഷ്ട്രയ്ക്കും മുകളിൽ സാമ്പത്തിക പുരോഗതി കൈവരിച്ച സംസ്ഥാനം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത് ? മാറ്റം എന്നർഥം വരുന്ന പരിബർത്തൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബംഗാളിൽ 34 വർഷത്തെ തുടർച്ചയായ ഇടത് ഭരണത്തിന് 2011ൽ മമത ബാനർജി അന്ത്യം കുറിച്ചത്. പക്ഷേ തുടർന്ന് 13 വർഷം 'ദീദി' ഭരിച്ചിട്ടും ബംഗാൾ സാമ്പത്തികമായി പുരോഗതിയിലേക്ക് എത്തിയില്ലെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഇന്ത്യയിൽ വ്യവസായശാലകളുടെ പ്രത്യേകിച്ച് ചണം, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബംഗാളിനെ രാജ്യത്തെ ഭിക്ഷക്കാരിൽ ഒന്നാമതുള്ള സംസ്ഥാനമെന്ന നാണക്കേടിലേക്ക് എത്തിച്ചതിന് ആരാണ് ഉത്തരം പറയേണ്ടത്?