കണക്കിൽ കണ്ണുവച്ച് ആ മൂന്നു പേർ; ഒപ്പം അൻവറും അപരനും; ‘ചേലുള്ള കര’ ഇവരിൽ ആർക്കൊപ്പം ചേരും?
Mail This Article
ചേലക്കര നിയമസഭാ മണ്ഡലത്തിനകത്തുണ്ടൊരു മണ്ഡലം; കേരള കലാമണ്ഡലം. കേരളീയ കലകളുടെ അവസാനവാക്കായി കലാമണ്ഡലം ലോകശ്രദ്ധയിലുണ്ട്. ഇപ്പോൾ പക്ഷേ, അതൊന്നുമല്ലാതെതന്നെ കേരളം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കുന്നു ചേലക്കര. നിയമസഭയിലേക്കു രണ്ട് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിൽ പാലക്കാട്ടെ പോളിങ് മാറ്റിവയ്ക്കുകകൂടി ചെയ്തതോടെ 13 വരെ കേരളത്തിന്റെ ആ ‘സവിശേഷ ശ്രദ്ധ’ ചേലക്കര ഒറ്റയ്ക്ക് ഏറ്റുവാങ്ങണം. സൗമ്യരാണ്, മണ്ഡലത്തിൽ സുപരിചിതരാണ്, ചെറുപ്പമാണ് എന്നതിനൊക്കെ പുറമേ; ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന മുന്നണി സ്ഥാനാർഥികൾ തമ്മിൽ വേറെയുമുണ്ട് സാമ്യം. മൂവരെയും നൂലിൽ കെട്ടിയിറക്കിയതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായ ശേഷമാണ് അവർ രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 2019ൽ എംപിയാകും മുൻപു കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് 2016ൽ എംഎൽഎയാകും മുൻപു ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്നു. എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ തിരുവില്വാമല പഞ്ചായത്തംഗമാണ്. നേരത്തേ, വൈസ് പ്രസിഡന്റായിരുന്നു. ഇഴയുടെ കണക്ക് മനപ്പാഠമാക്കി നെയ്ത്തുകാർ കൈത്തറികളിൽ വിസ്മയം വിരിയിക്കുന്ന കുത്താമ്പുള്ളി ചേലക്കരയിലാണ്. ഇവിടെ രാഷ്ട്രീയത്തിലും കണക്കുകൾ വിട്ടൊരു കളിയില്ല. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കുമ്പോൾ, അവസാന ആറു തിരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിനായിരുന്നു.