എനിക്കു മീതേ ആരുമില്ല - ബി.എസ്.വാരിയർ എഴുതുന്നു
Mail This Article
മനുഷ്യർ അങ്ങനെയാണ്. പറയത്തക്ക യാതൊരു പ്രയോജനവുമില്ലാത്തതാണെങ്കിലും സൗന്ദര്യമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് തത്തയെ നാം പുകഴ്ത്തും. പല തരത്തിലും നമ്മെ സഹായിക്കുന്ന കഴുതയെ ഒരു കാരണവുമില്ലാതെ ഇകഴ്ത്തും. കഴുതയോട് അനീതി കാട്ടുന്ന ചില കഥകൾ കേൾക്കുക. അധ്യാപകൻ: പരന്ന പാത്രത്തിൽ പാലും മറ്റൊന്നിൽ വെള്ളവും വച്ചിട്ട്, കഴുതയെ അങ്ങോട്ടു വിട്ടാൽ കഴുത ഏതു കുടിക്കും വിദ്യാർഥി: വെള്ളം അധ്യാപകൻ: എന്തുകൊണ്ട്? വിദ്യാർഥി: അതു കഴുതയായതുകൊണ്ട്. വിശന്നുവിഷമിക്കുന്ന കഴുതയുടെ ഇരുവശത്തും ഓരോ കെട്ട് പച്ചപ്പുല്ല് വച്ചാൽ അത് എന്തു ചെയ്യും? ആദ്യം ഇടതുവശത്തെ പുൽക്കെട്ടിലേക്കു തിരിയും. അപ്പോൾ തോന്നും വലത്തെ കെട്ടാണു നല്ലതെന്ന്. അതിലേക്കു തിരിയുമ്പോൾ തോന്നും, ഇടത്തേതാണു മെച്ചമെന്ന്. അങ്ങനെ മാറിമാറി ഇരുവശങ്ങളിലേക്കും കഴുത്തു തിരിച്ച് ഒരു വശത്തെയും പുല്ലു തിന്നാതെ കഴുത പട്ടിണികിടന്നു ചാകും. ഒരാൾ നീണ്ട കയറിന്റെ രണ്ടറ്റത്തും ഓരോ കഴുതയെ കെട്ടി. കയറുവലിച്ചുനിർത്തി. ഇരുവശങ്ങളിലും കഴുതകളിൽ നിന്ന് തെല്ലു ദൂരെ ഓരോ കെട്ട് പച്ചപ്പുല്ലു വച്ചു. ഇടതു വശത്തെ കഴുത ഇടത്തോട്ടും വലതു വശത്തെ കഴുത വലത്തോട്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്റെ വശത്തെ പുല്ലാണു തിന്നേണ്ടത്, ഞാനാണു പ്രധാനി എന്ന് ഓരോ കഴുതയും അഹങ്കാരത്തോടെ ചിന്തിച്ചു. ഇരുവശങ്ങളിലേക്കും വീണ്ടും വീണ്ടും വലിച്ച് കഴുത്തിറുകി, കഴുത രണ്ടും ചത്തു. ഏതെങ്കിലും ഒരു വശത്തേക്കു ഇരുവരും പോയിരുന്നെങ്കിൽ സുഖമായി പുല്ലു തിന്നാമായിരുന്നു. തുടർന്നു മറുവശത്തേക്കും പോകാമായിരുന്നു.