ട്രംപിനെ കണ്ട് കൊതിക്കേണ്ട, സ്വർണവില കേരളത്തിൽ 75,000 രൂപ വരെയെത്താം; കാരണം ഇവയാണ്...
Mail This Article
അമേരിക്കൻ തിരഞ്ഞെടുപ്പും സ്വർണവുമായി അഭേദ്യമായ ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെല്ലാം സ്വർണവില കൂപ്പുകുത്തുകയാണു പതിവ്. പുതിയ പ്രസിഡന്റിനെ വരവേൽക്കാൻ സ്വർണം ഇങ്ങനെ കുമ്പിട്ടു നിൽക്കുന്നതാണ് സ്വർണവിപണിയുടെ ചരിത്രം. ഇത്തവണ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവിൽ വിപണി വ്യാപാരം തുടങ്ങിയതു തന്നെ 3 ശതമാനത്തിനു മുകളിൽ നഷ്ടത്തോടെയാണ്. അതായത് ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 100 ഡോളറോളം വില കുറഞ്ഞു. കാര്യമായ തിരുത്തലുകളില്ലാതെ കുതിപ്പു തുടർന്നുവന്ന സ്വർണം ഇത്ര വലിയ ഇടിവുനേരിടുന്നത് വലിയ ഇടവേളയ്ക്കുശേഷം. ട്രംപ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ഡോളർ ഇൻഡെക്സ് കുതിച്ചു കയറിയതും ബോണ്ട് വരുമാനം (യുഎസിലെ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം) കുതിച്ചുയർന്നതുമെല്ലാം സ്വർണത്തിന്റെ തിളക്കം കുറച്ചു. രാജ്യാന്തര വിപണിയിലെ 100 ഡോളറിന്റെ ഇടിവ് കേരളത്തിൽ പവന് 1350 രൂപ ഇടിയാൻ കാരണമായി. ഡോളർ ശക്തിപ്പെടുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് ആനുപാതികമായ കുറവ് ഇവിടെ സ്വർണവിലയിൽ ഉണ്ടാകാത്തതിന്റെ കാരണം. കേരളത്തിൽ ദിവസവും രാജ്യാന്തര സ്വർണവിലയ്ക്കൊപ്പം ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കുകൂടി പരിഗണിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പും സ്വർണവിലയുടെ ചാഞ്ചാട്ടങ്ങളും പരിശോധിക്കാം. ഒപ്പം ട്രംപ് ഭരണത്തിൽ സ്വർണവിലയുടെ ഭാവിയും നോക്കാം.