വീട്ടിലുണ്ടോ സ്നേഹമുള്ള ക്യൂട്ട് കൂട്ടുകാർ? ഇവർ കാട്ടിലെ ചെന്നായകൾ; വാലാട്ടികളാക്കിയത് ‘ലവ് ഹോർമോൺ’
Mail This Article
ഏകദേശം 15 വർഷം മുൻപാണ്. വീട്ടിൽ വിളിച്ചപ്പോൾ ചെറിയ സംവാദം നടക്കുകയാണ്; സഹോദരി ശ്രീജയും ഇളയ മകളും തമ്മിൽ. സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു: ‘അമ്മ അവനെ എന്തിനാ പട്ടീന്നു വിളിച്ചത്?’ ‘എടീ അവൻ പട്ടിയല്ലേ?’ ‘പട്ടിയൊക്കെത്തന്നെ. പക്ഷേ, അവനൊരു പേരുണ്ട്. ജിമ്മൻ, അതു മതി.’ ജിമ്മൻ തെരുവുനായയായിരുന്നു; വിശന്നു വീട്ടിൽ വന്നുകയറിയതാണ്. പിന്നെ അവൻ വീട്ടുകാരനായി, എല്ലാവർക്കും പ്രിയപ്പെട്ടവനായി. ജിമ്മൻ ഓർമയായശേഷമാണു കുട്ടൂസ് വന്നത്. സ്നേഹം കൂടുമ്പോൾ കുട്ടൂസൻ എന്നു വിളിക്കും. അടുത്ത വീട്ടിലെ ഗീതച്ചേച്ചിയുടെ വളർത്തുനായ റോക്കിയാണ് കുട്ടൂസന്റെ അടുത്ത സുഹൃത്ത്. കുട്ടൂസനും റോക്കിയും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവരാണ്. നമ്മിൽ പലരുടെയും വീട്ടിൽ വളർത്തുനായ്ക്കൾ കാണും. എന്തൊരു സ്നേഹമാണ് അവർക്ക്? കാട്ടിലെ ചെന്നായ്ക്കൾക്കു പരിണാമം സംഭവിച്ചാണു വളർത്തുനായ്ക്കളുണ്ടായത്. ഈ പരിണാമം വളരെക്കാലംകൊണ്ട് ഉണ്ടായതാണ്. മനുഷ്യനോടൊപ്പം വസിക്കാൻ ചെന്നായ്ക്കളുടെ സ്വഭാവത്തിലും രൂപത്തിലും മാറ്റമുണ്ടായി. ചെന്നായ്ക്കളുടെ തലയോട്ടി, പല്ലുകൾ, കൈകാലുകൾ എന്നിവ ചുരുങ്ങി. നമ്മെ ഭയപ്പെടുത്തിയിരുന്ന രൂപം മാറി. കാലക്രമേണ നമ്മൾ കാണുന്ന ‘ക്യൂട്ട്’ നായ്ക്കളായി മാറി.