ഓഫിസ് മുറിവരെ മോർച്ചറിയായ കാലം; ഊഴമിട്ട് ശീതീകരിച്ച മൃതദേഹങ്ങൾ; അഴുകിയ ശരീരം കണ്ടുപോലും കരഞ്ഞിട്ടില്ല, പക്ഷേ...
Mail This Article
ഇടവേളയെടുക്കാനാവാതെ മൃതദേഹങ്ങൾ വന്നു നിറഞ്ഞ കാലം എന്ന് ഒറ്റവാചകത്തിൽ കോവിഡ്‌കാലത്തെ സംഗ്രഹിക്കാം. മോർച്ചറിയുടെ പ്രവർത്തനചര്യ തന്നെ മാറ്റിയെഴുതപ്പെട്ട സമയം. പക്ഷേ, ഈ പ്രതിസന്ധിയൊക്കെ ആരംഭിക്കും മുൻപ് ഒരു സംഭവമുണ്ടായി. കോവിഡിന്റെ ഇരുണ്ട കാലഘട്ടത്തിലെ പ്രയാണം തുടങ്ങിവച്ചത് ഒരർഥത്തിൽ ആ പ്രതിസന്ധിയോടെയായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം പതിവുപോലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്നു. എന്റെയൊപ്പം അജിത് കുമാറും ഉണ്ണികുമാരനും ഡ്യൂട്ടിയിലുണ്ട്. മോർച്ചറിയോട് അടുത്തൊരു കെട്ടിടത്തിലിരുന്നാണ് രണ്ടാളും ഉച്ചയൂണ് കഴിക്കുന്നതും വിശ്രമിക്കുന്നതും ഒക്കെ. കോവിഡിനെ വളരെ ഭീതിയോടെ കണുന്ന സമയമാണല്ലോ അത്. സുരക്ഷ ഉറപ്പുവരുത്താൻ മൂന്ന് മാസ്ക്കാണ് അന്ന് ഞാൻ ധരിക്കുക. അതിനൊപ്പം കർശനമായ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുമുണ്ട്. പിറ്റേന്ന് പോസ്റ്റ്മോർട്ടം നടക്കുമ്പോ ഉണ്ണികുമാരൻ പറയുന്നു, ‘ചെറിയ ദേഹവേദന പോലെ തോന്നുന്നുണ്ട്’. അതിന്റെ പിറ്റേന്ന് രാവിലെ പനിക്കുന്നുണ്ടെന്ന് പറഞ്ഞ് അജിതും വിളിച്ചു. തിങ്കളാഴ്ച കോവിഡ് പരിശോധന ഫലം വന്നപ്പോൾ ഇരുവരും പോസിറ്റീവ്. പ്രൈമറി കോൺടാക്ട് ആയാൽപ്പോലും ആ സമയത്ത് ക്വാറന്റീൻ നിർബന്ധമാണ്. ആംബുലൻസ് വരുന്നു, നേരേ എഫ്എൽടിസിയിലേക്ക് കൊണ്ടുപോകുന്നു എന്നതായിരുന്നു അന്നത്തെ രീതി. അതിനു രണ്ട് ദിവസം മുൻപ് ആരോഗ്യപ്രവർത്തകർ പ്രൈമറി കോൺടാക്ട് ആയാൽ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാമെന്ന സർക്കുലർ ഇറങ്ങിയിരുന്നു. ഞാൻ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി, ക്വാറന്റീനിൽ പോയി. മോർച്ചറിയിൽ അണുനശീകരണം നടത്താനുള്ള ഏർപ്പാട് ചെയ്തു. രണ്ടാഴ്ചയിലേക്ക് മോർച്ചറിയിൽ പുതിയ ജീവനക്കാരെ ഏർപ്പെടുത്തണമെന്ന് ആർഎംഒയെ അറിയിച്ചു. ക്വാറന്റീൻ തുടങ്ങി രണ്ടാം ദിനം രാവിലെ എനിക്ക് ഒരു ഫോൺ വരുന്നു; ‘‘സാർ, ഒരു പ്രശ്നമുണ്ട്.