ഞാൻ പുതിയകാലത്തെ അഭിമന്യുവാണ്, ഏതു ചക്രവ്യൂഹവും ഭേദിക്കാൻ എനിക്കു കഴിയും’– ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഈ പഞ്ച് ഡയലോഗുമുണ്ട്. മഹാവികാസ് അഘാഡിയുടെ മാത്രമല്ല, സ്വന്തം സഖ്യമായ മഹായുതിയുടെയും ചക്രവ്യൂഹം ഭേദിക്കേണ്ടതുണ്ട് ഫഡ്നാവിസിന്. കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പ്രതിപക്ഷത്തോടു മാത്രമല്ല, ശിവസേന(ഷിൻഡെ)യോടും എൻസിപി(അജിത് പവാർ)യോടും കൂടിയാണു ബിജെപിയുടെ മത്സരം. സഖ്യം ജയിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്നുപോലും ആലോചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥയാണ് നിലവിൽ. സഖ്യത്തിലെ അസ്വാരസ്യം ഒഴിവാക്കാൻ, ഒരു തിരഞ്ഞെടുപ്പു റാലിയിലും ‘അടുത്ത മുഖ്യമന്ത്രി’യെന്നു ഫഡ്നാവിസിനെ വിശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ നേതാക്കൾ ചെലുത്തുന്നുണ്ട്. എങ്കിലും, മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സർക്കാരിനെ നയിച്ച ഫഡ്നാവിസ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം. സംസ്ഥാനമാകെ ഓടി നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലമായ സൗത്ത് വെസ്റ്റ് നാഗ്പുരിൽ വിരളമായി മാത്രമേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. അരലക്ഷത്തോളം വോട്ടിനു ജയിച്ച മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയില്ല. 2014ലും ഫഡ്നാവിസിനെതിരെ മത്സരിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രഫുല്ല ഗുഡാധേ പാട്ടീലാണു പ്രധാന എതിർസ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പിതാവ് വിനോദ് ഗുഡാധേ പാട്ടീലായിരുന്നു നാഗ്പുർ ജില്ലയിലെ ആദ്യത്തെ ബിജെപി എംഎൽഎ. 1999ൽ ഫഡ്നാവിസിന്റെ കന്നിമത്സരത്തിനായി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു മാറിനടന്ന പ്രഫുല്ല പാട്ടീൽ ഇവിടെ കോൺഗ്രസിന്റെ കൗൺസിലറുമാണ്. ആദ്യവട്ടം 5 വർഷവും രണ്ടാം ടേമിൽ അഞ്ചുദിവസവും മുഖ്യമന്ത്രിയായിരുന്നു ഫഡ്നാവിസ്. കൂറുമാറ്റവും കുറുമുന്നണികളും പതിവായ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇതിലും വലിയ തെളിവു വേണ്ട. നിയമസഭാംഗത്വത്തിന്റെ രജതജൂബിലിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആറാം മത്സരമാണിത്. തോൽവിയറിയാത്ത അദ്ദേഹം അധികാരം പിടിച്ച് സുവർണതാരമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com