പാക്ക് അനുകൂലികളുടെ സംഘർഷം, യോഗം അലങ്കോലമാക്കി എതിരാളികളും: സാഹിബ് പറഞ്ഞു, ‘ഞാൻ വീണ്ടും വരും’
Mail This Article
രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്‌മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു. സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്‌മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്‌ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്.