‘ക്ഷണിച്ച്’ കുരുങ്ങി സിപിഎം; തമ്മിൽപ്പോരിൽ കലങ്ങി താമരക്കുളം; സന്ദീപിന്റെ വരവ് കോൺഗ്രസിന് ഇരട്ടിമധുരം; ഓഫറെന്ത്?
Mail This Article
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.