‘പരസ്യതാൽപര്യം’ സിപിഎമ്മിന് തിരിച്ചടിയായോ? മലപ്പുറത്തെത്തി ഞെട്ടിച്ച് സന്ദീപ്; ഭരണഘടന സമ്മാനിച്ചതിനു പിന്നിൽ...?
Mail This Article
പരസ്യപ്പെടുത്തലും പ്രത്യക്ഷപ്പെടലും തമ്മിൽ അന്തരമുണ്ട്. രണ്ടാമത്തേതിനു മൂർച്ച കൂടും. വളഞ്ഞുപോയ തടിയിൽനിന്ന് നേരായതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നു ജനത്തെ ഉദ്ബോധിപ്പിക്കാനാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയരെക്കുറിച്ച് ഇടതുപക്ഷം പത്രപ്പരസ്യം നൽകിയത്. പരസ്യം നൽകിയ പത്രങ്ങളിലൊന്ന് സമസ്തയ്ക്കു കീഴിലുള്ള സുപ്രഭാതവും. ചോരുന്നെങ്കിൽ കുറച്ചു ന്യൂനപക്ഷ വോട്ട് യുഡിഎഫിൽ നിന്നു ചോർന്നോട്ടെയെന്ന ചിന്തയായിരിക്കണം പിന്നിൽ. എന്നാൽ പിറ്റേന്നു തന്നെ മറുപടിയുമായി സന്ദീപ് വാരിയർ മലപ്പുറത്തു പ്രത്യക്ഷപ്പെട്ടു. അതും സമസ്തയുടെ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കിഴിശ്ശേരി മുണ്ടിലാക്കലിലെ വീട്ടിൽ. വേരു മാറ്റിപ്പിടിപ്പിക്കേണ്ടി വന്നെങ്കിലും നേരായിത്തന്നെ വളരാനാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കലായിരുന്നു ലക്ഷ്യം. അവനവന്റെ സർഗാത്മകതയ്ക്കനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏതു സന്ദീപ് വാരിയർക്കുമുണ്ടെന്ന് ഇടതുപക്ഷവും സമ്മതിക്കും. പാലക്കാട്ടെ പത്രപ്പരസ്യമാണോ, മലപ്പുറത്തെ പ്രത്യക്ഷപ്പെടലാണോ വോട്ടു പെട്ടിയിൽ ചലനമുണ്ടാക്കിയതെന്ന് നവംബർ 23ന് പാലക്കാട്ടെ വോട്ടെണ്ണുമ്പോഴേ അറിയൂ.