രാഹുലിന് ഇനിയാണ് രാജയോഗം; സരിനും സന്ദീപും എന്തു ചെയ്യും? ‘താമരത്തലകൾ’ വീഴും; എന്തിന് ‘പിണറായി 3.O’ ചർച്ച?
Mail This Article
നിയമസഭാ ഗേറ്റിന് നൂറുവാര അകലെ ബാരിക്കേഡ് കെട്ടി ലാത്തിയും ഗ്രനേഡുകളും ഉപയോഗിച്ച് പൊലീസ് തടഞ്ഞിട്ട ദിനങ്ങൾ ഇനി രാഹുലിനുണ്ടാവില്ല. രാഹുലിന് കൂട്ടായി ഇനി മാങ്കൂട്ടത്തിൽ എന്ന പേരു മാത്രമല്ല എംഎൽഎ എന്ന മൂന്നക്ഷരത്തിന്റെ കരുത്തുമുണ്ടാവും. പാലക്കാടൻ ജനസമ്മതിയുമായി പത്തനംതിട്ടക്കാരൻ സഭയിലെത്തുമ്പോൾ വലുതായിരിക്കും പ്രതിപക്ഷത്തിന് ലഭിക്കുന്ന ഊർജം. വെറുമൊരു ഉപതിരഞ്ഞെടുപ്പെന്ന വിശേഷണം മാത്രമല്ല കേരള രാഷ്ട്രീയത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം. അത് കേവലം രാഹുലെന്ന വ്യക്തിയെ എംഎൽഎയാക്കിയതിൽ തീരുകയുമില്ല. പാലക്കാട്ടെ പ്രചാരണത്തെ പിടിച്ചുകുലുക്കിയതിൽ കാലുമാറ്റങ്ങൾ മുതൽ കേസുകളും വിവാദങ്ങളുമെല്ലാമുണ്ട്. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള പാലക്കാടിന്റെ മണ്ണിൽ ഉപതിരഞ്ഞെടുപ്പ് ഉത്സവം പരിപൂർണമായി കൊടിയിറങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള തീപ്പൊരി വീണുകഴിഞ്ഞു. ഇവിടെ ജയിച്ചത് കോൺഗ്രസാണെങ്കിലും വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾ ബിജെപി ക്യാംപിലാവുമെന്നത് തീർച്ച. പാലക്കാട്ടെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? ഈ തിരഞ്ഞെടുപ്പുഫലം വരും നാളുകളിൽ വിവിധ പാർട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും?