തോറ്റു, 24,000 കോടിയും പോയി! ‘വെറുതെയിരുന്ന’ തീപ്പൊരിയെ ആളിക്കത്തിച്ച് ബിജെപി, കനലായി കൽപന; ജാർഖണ്ഡ് കൈവിട്ടതിങ്ങനെ...
Mail This Article
വീട്ടുകാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും ഇടയ്ക്കിടെ അൽപം സാമൂഹികകാര്യങ്ങളും നോക്കി ജീവിച്ചിരുന്ന ഒരു യുവതി. എന്നാൽ 2024 ജനുവരിയില്‍ അവരുടെ ഭർത്താവിനെ ഇഡി പിടികൂടി, അറസ്റ്റ് ചെയ്തു, ജയിലിലടച്ചു. ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു അറസ്റ്റിലായ ആ വ്യക്തി. ഒരു സംസ്ഥാനത്തിന്റെ തലവൻ– ഹേമന്ത് സോറൻ. അതുവരെ നാടിനെ നയിച്ചയാൾ ഒരുനാൾ അഴിക്കുള്ളിലായപ്പോൾ ആ യുവതിക്ക് വെറുതെയിരിക്കാൻ ആകുമായിരുന്നില്ല. അവർ രണ്ടുംകൽപ്പിച്ച് അങ്കത്തട്ടിലേക്കിറങ്ങി. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പുകാലവും ആയിരുന്നു അത്. ഹേമന്തിന്റെ അഭാവത്തിൽ ഇതാദ്യമായി ഭാര്യ കൽപന സോറന് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കേണ്ടി വന്നു. ഹേമന്ത് സോറനോട് ബിജെപി പകവീട്ടുകയാണെന്ന് അവർ സംസ്ഥാനമാകെ പ്രചാരണം നടത്തിപ്പറഞ്ഞു. ആദിവാസി വിഭാഗത്തെയാണ് അതിലൂടെ അപമാനിച്ചതെന്നും സാന്താൾ വിഭാഗക്കാരിയായ അവർ ഓരോ വേദിയിലും പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ഹേമന്തിനു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൽപന വരുമെന്നു പോലും കരുതപ്പെട്ടിരുന്നു. എന്നാൽ കൽപനയ്ക്കു മുന്നിൽ മറ്റു പദ്ധതികളായിരുന്നു. അതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൽപന ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഹേമന്ത് സോറൻ ജയിൽമോചിതനായി. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. ചാരത്തിലൊളിച്ച തീപ്പൊരിയിൽ കാറ്റു പിടിച്ചതു പോലെ ആളിക്കത്തുന്ന കൽപനയെയാണ് പിന്നീട് ജാർഖണ്ഡ് കണ്ടത്.