ആ ശക്തികൾ ശ്രമിക്കുന്നത് രാജ്യത്തെ വെട്ടിക്കീറാൻ; ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ’മാണോ ഇന്ത്യയിൽ?
Mail This Article
75 വർഷം മുൻപ് ഇതേ ദിവസം നമ്മുടെ ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയ സംഭവം ലോക നീതിന്യായ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ്. വിമത ഫ്യൂഡൽ പ്രഭുക്കന്മാരുടെ അവകാശസംരക്ഷണത്തിനായി 1215 ജൂൺ 15ന് ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഒപ്പുവച്ച മാഗ്നാ കാർട്ടയോളംതന്നെ ചരിത്രപ്രാധാന്യം അതിനുണ്ട്. എല്ലാം തികഞ്ഞതും കുറ്റമറ്റതുമായൊരു രേഖ എന്ന നിലയ്ക്കല്ല, ഉദ്ഭവത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലും അടങ്ങിയിരിക്കുന്ന ജനാധിപത്യസ്വഭാവംകൊണ്ടാണ് ഇന്ത്യൻ ഭരണഘടന ആ പ്രാധാന്യം കൈവരിക്കുന്നത്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും സ്വാഭിമാനത്തിലും തുല്യനീതിയിലും അധിഷ്ഠിതമായൊരു മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ, ഫെഡറൽ റിപ്പബ്ലിക് രാഷ്ട്രത്തെയാണ് അന്നു ലോകജനസംഖ്യയുടെ (250 കോടി) 14% (35 കോടി) വരുന്ന ഇന്ത്യൻ ജനത (ദാരിദ്ര്യത്തിലും നിരക്ഷരതയിലും കഴിഞ്ഞിരുന്ന നിസ്വരായൊരു ജനത) വിജയകരമായൊരു സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പരിസമാപ്തിയിലൂടെ 1949 നവംബർ 26നു സ്വന്തമാക്കിയത്. ലോകരാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥകളെക്കുറിച്ചു പഠനം നടത്തുന്ന സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയിലെ വെറൈറ്റീസ് ഓഫ് ഡെമോക്രസി (വി–ഡെം) പ്രോജക്ടിന്റെ വിലയിരുത്തലിൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ, ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണം’ എന്നതിൽനിന്ന് ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്നതിലേക്കു തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ പദവി. 202 രാജ്യങ്ങളിലെ ഭരണത്തെ വിലയിരുത്തുന്നതാണ് വി–ഡെം പ്രോജക്ട്. യുഎസിലെ ‘ഫ്രീഡം ഹൗസ്’ എന്ന സന്നദ്ധ സംഘടനയുടെ 2023ലെ വാർഷിക റിപ്പോർട്ട് ഇന്ത്യയെ ഉൾപ്പെടുത്തിയത് ‘ഭാഗികമായ സ്വാതന്ത്ര്യം മാത്രം നിലനിൽക്കുന്ന’ രാജ്യങ്ങളുടെ പട്ടികയിലാണ്. ‘ദി ഇക്കോണമിസ്റ്റ്’ ഗ്രൂപ്പിന്റെ ഇന്റലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ച ഡെമോക്രസി ഇൻഡക്സിൽ ഇന്ത്യയ്ക്കു നൽകിയ വിശേഷണം ‘പിഴച്ചുപോയ ജനാധിപത്യം’ എന്നാണ്.