കടകളിൽ ബില്ലടിക്കുമ്പോൾ മൊബൈൽ നമ്പർ ചോദിക്കാറുണ്ടോ? ‘നോ’ പറയാം മടിക്കാതെ; കേസ് കൊടുക്കാം; കാരണം ഇവ...
Mail This Article
ഓഫർ പരസ്യം കണ്ടാണ് സുഹൃത്തിന് ഒരു ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങാൻ കോളജ് വിദ്യാർഥിനിയായ ടിയ നഗരത്തിലെ മാളിലേക്കെത്തിയത്. ഷോപ്പിങ്ങിനൊടുവിൽ മികച്ച ഓഫറിൽ ലഭിച്ച സ്മാർട്ട് വാച്ചും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് പോയി. അവിടെ ചെറുപ്പക്കാരനായ കാഷ്യർ ടിയ വാങ്ങിയ സ്മാർട്ട് വാച്ച് കയ്യിലെടുത്തു സ്കാൻ ചെയ്ത ശേഷം പുഞ്ചിരിയോടെ ചോദിച്ചു: ‘‘മേം, മൊബൈൽ നമ്പർ പറയാമോ?’’ ടിയ തിരിച്ചു ചോദിച്ചു: ‘‘എന്തിനാണ് എന്റെ മൊബൈൽ നമ്പർ’’ ‘‘നമ്പർ നൽകിയാൽ ഞങ്ങളുടെ ഡിസ്കൗണ്ട് കാർഡും ലോയൽറ്റി റിവാർഡുകളും ലഭിക്കും’’ എന്ന് മറുപടി. ടിയ: അതൊന്നും എനിക്ക് വേണ്ട കാഷ്യർ: നമ്പർ നൽകിയാൽ ഭാവിയിൽ ഞങ്ങളുടെ എക്സ്ക്ലുസിവ് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ടിയ: കുഴപ്പമില്ല, ഓഫറുകളൊൊക്കെ കൊള്ളാം പക്ഷേ നമ്പർ ഷെയർ ചെയ്യാൻ താൽപര്യം ഇല്ല. കാഷ്യർ: പക്ഷേ മേം, ഞങ്ങൾ ബിൽ മൊബൈലിലേക്കാണ് അയയ്ക്കുന്നത്. ടിയ: വേണ്ട, എനിക്ക് ഹാർഡ് കോപ്പി മതി. തെല്ല് അനിഷ്ടത്തോടെ, പ്രിന്റ് ചെയ്ത ബിൽ കാഷ്യർ ടിയയുടെ കയ്യിൽ കൊടുത്തു. ഇവിടെ ടിയയ്ക്കുണ്ടായ അവസ്ഥ നിങ്ങൾക്കും ഷോപ്പിങ്ങിൽ നേരിട്ടിട്ടുണ്ടാവും. പക്ഷേ ഓഫറുകളിൽ വീണിട്ടോ അല്ലെങ്കിൽ എതിർത്തു സംസാരിക്കാൻ മടിച്ചിട്ടോ പലപ്പോഴും നമ്മൾ മൊബൈൽ നമ്പർ കൈമാറും. ലളിതമായ ഒരു ഇടപാടിനായി എന്തിനാവും ഇവർ മൊബൈല്‍ നമ്പരുകൾ വാങ്ങുന്നത് എന്ന് ചിന്തിച്ചിട്ടില്ലേ? ചില സ്ഥലത്തെങ്കിലും മൊബൈൽ നമ്പർ കൈമാറിയില്ലെങ്കിൽ സാധനം വിൽക്കാൻ മടികാണിക്കുന്ന ഷോപ്പുകളുമുണ്ട്. നിയമപ്രകാരം ഇങ്ങനെ പെരുമാറാൻ ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന് അവകാശമുണ്ടോ? പരിശോധിക്കാം വിശദമായി.