ജിഡിപി തളർന്നാൽ കുടുംബ ബജറ്റ് തകരുമോ? പലിശ കുറച്ചാൽ ‘ശക്തികാന്ത’ തുടരും; ധനമന്ത്രി പറയുന്നത് വെറുതെയല്ല
Mail This Article
ജിഡിപി കൂപ്പുകുത്തിയാൽ അത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ഏതാണ്ട് രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ? ഉൽപാദനവും സേവനവുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ മൂല്യമാണ് ജിഡിപി. ഇതിന്റെ വളർച്ചയെ ജിഡിപി വളർച്ചാനിരക്കെന്നും വിശേഷിപ്പിക്കുന്നു! കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 7-8 ശതമാനം വളർന്നിരുന്നു ഇന്ത്യ. കോവിഡിന് തൊട്ടുമുമ്പ് പക്ഷേ മാന്ദ്യത്തിലേക്ക് വീണു. അങ്ങനെയിരിക്കേ ഇരുട്ടടിയായായിരുന്നു മഹാമാരിയുടെ രംഗപ്രവേശം. വെറും 2.9% ആയിരുന്നു കോവിഡ് വരുംമുമ്പ് 2019-20 ജനുവരി-മാർച്ചിലെ വളർച്ച. കോവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020-21 ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് വളർച്ച നിലംപൊത്തി. പ്രതിസന്ധിക്ക് അയവുവന്നപ്പോൾ പിന്നീട് മെല്ലെ കരയറ്റം കണ്ടു. 2021-22 ഏപ്രിൽ-ജൂണിൽ ഇന്ത്യ 22.6 ശതമാനം വളർന്നു. ആ ‘വലിയ’ വളർച്ച പക്ഷേ, ആരെയും അമ്പരപ്പിച്ചില്ല. കാരണം, മഹാമാരിയുടെ കാലവുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചാ ‘സംഖ്യ’ വലുതായി തോന്നിയെന്നേയുള്ളൂ.