ജോലി പകർച്ചവ്യാധികൾക്ക് നടുവിൽ; അവധിയുമില്ല, ശമ്പളവുമില്ല; ‘വയോമിത്രം അവസാനിപ്പിച്ചാൽ മരുന്നു നിർത്തേണ്ടിവരും’
Mail This Article
‘ഞങ്ങളുടെ സ്ഥിതി ദയനീയമാണ്. പരമ്പരയിൽ ഞങ്ങളുടെ പ്രശ്നങ്ങൾകൂടി ഉൾപ്പെടുത്തണം. പക്ഷേ, എന്റെ പേരു പറയരുത്. പിന്നെ കരാർ പുതുക്കി നൽകില്ല. ഉള്ള തൊഴിലും വല്ലപ്പോഴും കിട്ടുന്ന ശമ്പളവും ഇല്ലാതാകും’. മനോരമ ഓഫിസിലേക്കു വിളിച്ച പാലിയേറ്റീവ് കെയർ നഴ്സിന്റെ വാക്കുകൾ. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ സാന്ത്വന പരിചരണത്തിനു നിയമിക്കപ്പെട്ട 1200 കരാർ പാലിയേറ്റീവ് കെയർ നഴ്സുമാരുടെ പ്രതിനിധിയാണ് വിളിച്ചത്. വീടുകളിൽച്ചെന്നു കിടപ്പുരോഗികളെ പരിചരിക്കുകയാണു പ്രധാനജോലി. ‘‘കിടക്കയിൽ മലമൂത്രവിസർജനം ചെയ്യുന്നവരെയും കിടന്നു ദേഹം പൊട്ടിപ്പഴുത്തവരെയുമെല്ലാം മടി കൂടാതെ പരിചരിക്കാറുണ്ട്. സ്വന്തം വീട്ടുകാർ തൊടാൻ മടിക്കുന്നവരാണു പലരും. പകർച്ചവ്യാധികൾക്കു നടുവിലാണു ഞങ്ങളുടെ ജീവിതം. ന്യുമോണിയ, പകർച്ചപ്പനികൾ എന്നിവ എപ്പോൾ വേണമെങ്കിലും പിടിപെടാം. ഞങ്ങൾ കിടപ്പായാൽ വരുമാനമില്ലെന്നതാണു സ്ഥിതി.’ മറ്റൊരു പാലിയേറ്റീവ് കെയർ നഴ്സിന്റെ വാക്കുകൾ. അർഹമായ അവധിപോലും പലപ്പോഴും എടുക്കാൻ കഴിയില്ല. മാസം 8 ദിവസം മാത്രം ചെയ്യേണ്ടിയിരുന്ന ഹോം കെയർ (വീടുകളിൽ പോയുള്ള പരിചരണം) ഈയിടെ 20 ദിവസമാക്കി ഉയർത്തി. ഇതു പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കും.