ഉത്കണ്ഠ അത്ര വേണോ? ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
Mail This Article
മെഡിസിനും സർജറിയും നന്നായി പഠിച്ചു ജയിച്ച ഡോക്ടർമാർ ജോലിയുപേക്ഷിക്കുന്ന പല സംഭവങ്ങളും പാശ്ചാത്യരാജ്യങ്ങളിലുണ്ട്. അമിതജോലിഭാരം, രോഗചികിത്സയെ വെറും കച്ചവടമാക്കുന്ന ആശുപത്രികളോടുള്ള അസഹിഷ്ണുത തുടങ്ങിയ കാരണങ്ങളുണ്ട്. അവയോടൊപ്പം രോഗചികിത്സയിലും ശസ്ത്രക്രിയയിലും തങ്ങൾ പരാജയപ്പെടുമോയെന്ന ഉത്കണ്ഠയുമുണ്ട്. അഞ്ചു ഫിസിഷ്യൻമാരിൽ ഒരാൾ എന്ന ക്രമത്തിൽ സേവനത്തിന്റെ ആദ്യ രണ്ടു വർഷത്തിൽ പ്രാക്റ്റീസ് നിർത്തിപ്പോകാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടുണ്ട്. ഉത്കണ്ഠമൂലം ജോലി വിടുന്ന ഡോക്ടർമാരെ ആത്മവിശ്വാസത്തോടെ പ്രഫഷനിലേക്കു മടക്കുന്നൊരു കൗൺസലർ പറഞ്ഞ സംഭവകഥ കേൾക്കുക. നമ്മുടെ കഥാനായികയെ ഡോക്ടർ മേരിയെന്നു വിളിക്കാം. സമർഥയായ സർജനായി പത്തു വർഷത്തോളം പ്രവർത്തിച്ചു കഴിഞ്ഞപ്പോഴാണ് ഉത്കണ്ഠ പിടികൂടിയത്. ഒരു ശസ്ത്രക്രിയ നടത്തുമ്പോൾ തനിക്കു തെറ്റുമോയെന്ന ഭയം. സഹപ്രവർത്തകൻ തിയറ്ററിലെ ജോലി പൂർത്തിയാക്കിക്കൊടുത്തു.