സിറിയയിലെ ‘അൽ–ഖായിദ കമ്പനി’യുടെ ജയം കശ്മീരിൽ തിരിച്ചടിക്കുമോ? രാസായുധശാലകളിൽ ബോംബിടാൻ കാരണമുണ്ട്; ഇനി ഇറാനും ‘ഒതുങ്ങും’
Mail This Article
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടു യുദ്ധങ്ങളിലും തിരഞ്ഞെടുപ്പ് ജയത്തിന് ശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളിലും കേന്ദ്രീകരിച്ച ഈ സമയത്ത് തികച്ചും അപ്രതീക്ഷിതമായി എല്ലാ നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ട് പതിമൂന്നു വര്‍ഷം നീണ്ടു നിന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തിയായി. തന്നെ എതിര്‍ക്കുന്ന കക്ഷികളുടെ പെട്ടെന്നുള്ള നീക്കത്തില്‍ പരിപൂര്‍ണമായി സ്തബ്ദരായിപ്പോയ ബഷാര്‍ അല്‍ അസദിന്റെ ഭരണകൂടം ഞൊടിയിടക്കുള്ളില്‍ നിലം പതിച്ചു. രാജ്യത്തിലെ പ്രധാന പട്ടണങ്ങളായ ഡമാസ്കസും ആലപ്പോയും കീഴടക്കിയ വിമത സേനയ്ക്ക് മുന്പില് പിടിച്ചു നില്ക്കാന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബഷാര്‍ അല്‍ അസദ് തന്റെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പലായനം ചെയ്യുകയായിരുന്നു. സുഗമമായ ഭരണമാറ്റം ഉറപ്പാക്കുമെന്നും പുതിയ ഭരണകൂടത്തിന് ആവശ്യമായ സഹകരണം നല്‍കുമെന്നും അസദ് ഭരണത്തിലെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ജലാലി പ്രഖ്യാപിച്ചതിനു പിന്നാലെത്തന്നെ, മുഹമ്മദ് അല്‍ ബഷീര്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നു വിജയശ്രീലാളിതരായ വിമത സേന അറിയിച്ചു. അങ്ങനെ അന്‍പതിലേറെ വര്‍ഷങ്ങള്‍ സിറിയയെ അടക്കിവാണ അസദ് കുടുംബത്തിന്റെ ഭരണവും നിലംപൊത്തുന്ന കാഴ്ച 2024 അവസാനിക്കുന്നതിനു മുന്‍പ് ലോകത്തിനു കാണേണ്ടി വന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാചീനമായ സംസ്കാരങ്ങളിലൊന്നിന്റെ ഭാഗമാണെന്ന പാരമ്പര്യവും പെരുമയും പേറുന്ന രാജ്യമാണ് സിറിയ. ക്രിസ്തു ജനിക്കുന്നതിനു 3500 വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ