വൻകിട സ്ഥാപനങ്ങളിൽ റിക്രൂട്മെന്റ് പ്രതിസന്ധിയിൽ; പ്ലേസ്മെന്റ് കിട്ടിയിട്ടും ജോലിയില്ല; വിദ്യാർഥികൾ സമ്മർദത്തിൽ
Mail This Article
‘‘കഴിഞ്ഞവർഷം പ്ലേസ്മെന്റ് നൽകിയവരിൽ 80% പേരും ബെഞ്ചിലാണ്! പലരെയും വീണ്ടും പരിശീലനത്തിന് അയയ്ക്കേണ്ടി വരുന്നു. എന്നിട്ടും, പ്രോജക്ടിൽ നിയോഗിക്കാൻ കഴിയുന്നില്ല. സ്വാഭാവികമായും റിക്രൂട്മെന്റ് തൽക്കാലത്തേക്കു നിർത്തി. ഓഫർ ലെറ്റർ കൊടുത്തിട്ടും ആരെയും ജോലിക്കു വിളിക്കുന്നില്ല’’ – കേരളത്തിലെ ഒരു ഐടി കമ്പനി മേധാവിയുടേതാണ് ഈ വാക്കുകൾ. പ്ലേസ്മെന്റ് കിട്ടിയിട്ടും ജോലിയില്ലെന്നോ? റിക്രൂട്മെന്റിനെക്കുറിച്ചു ചോദിച്ചാൽ പല കമ്പനികളും പങ്കുവയ്ക്കുന്നതു ഭാവിയെക്കുറിച്ചു പൂർണ വ്യക്തതയില്ലാത്ത സാഹചര്യമാണ്. ഏതാനും വർഷത്തേക്കു വരാവുന്ന പ്രോജക്ടുകൾ എന്തായിരിക്കുമെന്ന പൊതുധാരണ (പൈപ്‌ലൈൻ വിസിബിലിറ്റി) മുൻപു കമ്പനികൾക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ സാഹചര്യമില്ല. ക്യാംപസ് റിക്രൂട്മെന്റ് വഴി നിയമിച്ചവർക്കു രണ്ടു വർഷം കഴിഞ്ഞിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്നതിന്റെ പേരിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം കർണാടകയോടു റിപ്പോർട്ട് ആവശ്യപ്പെട്ടത് ഈയിടെ. രണ്ടായിരത്തിലധികം പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്കുമേൽ നിഴൽ വീഴ്ത്തുന്നതാണ് ഈ മാന്ദ്യം. രണ്ടു വർഷമായി രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്റ് രംഗം മെല്ലെപ്പോക്കിലാണ്.