‘മാലിന്യത്തിൽ വൃക്ക ഉൾപ്പെടെ ശരീരഭാഗങ്ങള്‍’; എല്ല് കടിച്ചുപൊട്ടിച്ച് നായ്ക്കൾ, വെള്ളത്തില്‍ രക്തം; തിരുനെല്‍വേലിയിലെ ‘മെഡിക്കൽക്രൂരത’
Mail This Article
തിരുനെൽവേലിയിലെ സുത്തമല്ലിക്കു സമീപത്ത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾക്കിടയിൽ പേരെടുത്തു പറയാവുന്ന ആശുപത്രികൾ ഒന്നുമില്ല. എങ്കിലും ഇവിടെ എത്തുമ്പോൾ മണ്ണിനും കാറ്റിനും ആശുപത്രിയുടെ പരിസരത്തുള്ള മണം അനുഭവപ്പെടുന്നു. സുത്തമല്ലി എന്ന അതിർത്തി ഗ്രാമം ഇന്ന് കേരളത്തിനും തമിഴ്നാടിനും ഇടയിലെ തർക്ക വിഷയമാണ്. കൃഷിയിടങ്ങളിൽ ആശുപത്രി മാലിന്യം അടക്കം തള്ളിയതിന്റെ പേരിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെയാണ് സുത്തമല്ലി തർക്ക ഭൂമിയായി മാറിയത്. തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നു ട്രൈബ്യൂണൽ പറഞ്ഞു. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണമെന്നും തിരുവനന്തപുരത്തെ ആശുപത്രിക്കും കോവളത്തെ ഹോട്ടലിന് എതിരെയും നടപടി എടുക്കണമെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണയും സത്യഗോപാൽ കോർലാപതിയും ഉത്തരവിട്ടിട്ടുണ്ട്. മുൻപു സമാനരീതിയിൽ തള്ളിയ മാലിന്യം നീക്കം ചെയ്യാനായി തമിഴ്‌നാടിനു ചെലവായ 70,000 രൂപ കേരളം ഇനിയും നൽകിയിട്ടില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം തള്ളിയ സംഭവത്തിൽ ആർസിസിയിലും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലും കേരള മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും തിരുനെൽവേലി പൊലീസ് സംഘവും പരിശോധന നടത്തിയിരുന്നു.