ദ്രൗപദി വലിച്ചെറിഞ്ഞ സൗഗന്ധികപ്പൂക്കള്; മോഹിപ്പിച്ച് അവഗണിച്ച എംടിയുടെ ‘കൗശലക്കാരി’; ഒടുവിൽ അമ്മ പറഞ്ഞു, ‘നീ പേരറിയാത്ത കാട്ടാളന്റെ മകൻ’
Mail This Article
അവഗണിതന്റെ ആത്മരോഷം, ആത്മനിന്ദ. കാലലീലയുടെ ഫലമെന്നോണം ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകാപുരിയെ കടൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ സംഹാരതാണ്ഡവത്തിനു ശേഷം മെല്ലെ ശാന്തമായിക്കൊണ്ടിരിക്കുന്ന കടലിന്റെ ദൃശ്യത്തോടെയാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. മഹാഭാരതകഥയുടെ അവസാനഭാഗത്തെ പ്രധാനസംഭവങ്ങളാണ് അപമാനിക്കപ്പെട്ട യാദവസ്ത്രീകളെ അർജുനന് രക്ഷിക്കാൻ കഴിയാഞ്ഞതും യാദവവംശത്തിന്റെ പതനവും ശ്രീകൃഷ്ണന്റെ അന്ത്യവും ദ്വാരക കടലിലാണ്ടു പോയതുമൊക്കെ. അതോടെ ഇനി ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാർ ദ്രൗപദിയോടൊപ്പം മഹാപ്രസ്ഥാനത്തിനൊരുങ്ങുന്നു. ആ സന്ദർഭമാണ് ‘രണ്ടാമൂഴം’എന്ന നോവലിന്റെ ആരംഭബിന്ദു. നോവലിൽ ആദ്യം പരാമൃഷ്ടനാകുന്ന കഥാപാത്രം കൃഷ്ണദ്വൈപായനനാണ് എന്നത് നോവലിസ്റ്റ് ബോധപൂർവം ചെയ്തതാവണം. ഇതിഹാസകാരൻ മാത്രമല്ല, കൗരവരുടെയും പാണ്ഡവരുടെയും പിതാക്കന്മാർക്ക് ജന്മം നൽകിയതും കൃഷ്ണദ്വൈപായനനാണ്. നോവലിന്റെ അന്ത്യത്തിൽ വാനപ്രസ്ഥം സ്വീകരിച്ച അമ്മ കുന്തിയെ ഒരിക്കൽക്കൂടി കാണാൻ ഭീമൻ കാട്ടിലെത്തുന്നു. അപ്പോൾ ധൃതരാഷ്ട്രരോടും ഗാന്ധാരിയോടുമൊപ്പം കുന്തി കഴിയുന്ന ആശ്രമത്തിൽ കൃഷ്ണദ്വൈപായനനും ഉണ്ട്. നോവലിന്റെ ഘടനയിലേക്ക് പരോക്ഷമായി ഇതിഹാസത്തിന്റെ രചനാതന്ത്രത്തിന്റെ ചില ഇഴകൾ സൂക്ഷ്മമായി പാകിയെടുക്കുന്നതിന്റെ ഉദാഹരണമാണിത്. രാമായണത്തിൽ വാല്മീകിയും മഹാഭാരതത്തിൽ വ്യാസനും (കൃഷ്ണദ്വൈപായനൻ) കഥാപാത്രങ്ങളാകുന്ന മാതൃക ഇവിടെയും തുടരുന്നു. മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും അനുധാവനം ചെയ്തു. തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തു പറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. ഭീമൻ എന്നും അമ്മയും സഹോദരങ്ങളും ദ്രൗപദിയുമുള്ള കുടുംബത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് ജീവിച്ചത്. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തേക്ക് അയാൾ ചെന്നു. തളർന്നു വീണ അവൾ പാടുപെട്ട് എഴുന്നേറ്റിരുന്നെങ്കിലും, അയാളുടെ ‘ദ്രൗപദീ...’ എന്ന വിളിയോടുള്ള പ്രതികരണം അവ്യക്തമായിരുന്നു. അടുത്ത നിമിഷം അവളുടെ ശിരസ്സ് ചാഞ്ഞു. അവൾ കണ്ണുതുറക്കുന്നത് കാത്ത് അയാൾ അടുത്തിരുന്നു. അപ്പോൾ ഭീമസേനൻ തന്റെ