‘അ... അൽഫാം, ആ.. ആമസോൺ’; കുട്ടികൾ നാടുവിടുന്നതിന് കാരണം മോറൽ പൊലീസിങ്; ‘തന്തവൈബ്’ ആകാതെ ശ്രദ്ധിക്കണ്ടേ അമ്പാനേ!
Mail This Article
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്. എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്‌ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’