അദാനിക്കെതിരായ യുഎസ് നീക്കത്തിനു പിന്നിൽ ഈ കാരണം; അസദിന്റെ വീഴ്ചയിൽ വ്യക്തം, റഷ്യ ‘പാപ്പർ’; ഇസ്രയേലിന് ട്രംപിനെ പേടി!
Mail This Article
ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ അതിലുണ്ടായ പ്രധാന സംഭവങ്ങളിലേക്കും അവയുടെ അനന്തരഫലങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്; ഭാവിയില്‍ ചരിത്രം ഇവയെ എങ്ങനെ വിലയിരുത്തും എന്നതും ചര്‍ച്ചാവിഷയമാകാറുണ്ട്. രണ്ടു യുദ്ധങ്ങള്‍ അവസാനമില്ലാതെ തുടരുകയും ഒട്ടേറെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും നിര്‍ണായകമായ ധാരാളം തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ചെയ്ത വര്‍ഷമായി ഭാവിയില്‍ ചരിത്രം 2024നെ രേഖപ്പെടുത്തിയേക്കാം. സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ യുദ്ധത്തിലേക്ക് നയിച്ചില്ലെങ്കിലും സായുധ പോരാട്ടത്തിന്റെ സംഭാവ്യത സംഘര്‍ഷഭൂമികളില്‍ നിന്നും വിട്ടുമാറിയിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ വഴി ഭരണമാറ്റം ചല രാജ്യങ്ങളിലും നടന്നു; തുടര്‍ഭരണത്തിനുള്ള അവസരം ലഭിച്ച ഭരണാധികാരികൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്കുവാനും വോട്ടര്‍മാര്‍ മടിച്ചില്ല. എന്നാല്‍ ജനഹിതം മാനിക്കാതെ ഭരണം നടത്തിയ ചില സ്വേച്ഛാധിപതികളെ പുറത്താക്കുവാനും ജനങ്ങള്‍ക്ക് സാധിക്കും എന്ന് കൂടി തെളിയിച്ച വര്‍ഷമായിരുന്നു 2024. ഈ കൊല്ലം തുടങ്ങുമ്പോള്‍ നടന്നു കൊണ്ടിരുന്ന രണ്ടു യുദ്ധങ്ങളും വര്‍ഷാവസാനത്തിലും അന്ത്യം കാണാതെ തുടരുകയാണ്. ഇവയില്‍ രണ്ടിലും ആരും ഇതു വരെ വിജയക്കൊടി പാറിച്ചിട്ടില്ലെങ്കിലും ഇവ മൂലമുള്ള നഷ്ടങ്ങള്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കെങ്കിലും ഇതിനകം സംഭവിച്ചു കഴിഞ്ഞു. 2022 ഫെബ്രുവരി മാസത്തില്‍ യുക്രെയ്നെ ആക്രമിച്ച റഷ്യയ്ക്ക് ആ ചെറിയ രാജ്യത്തിനെ കീഴ്പ്പെടുത്തുവാന്‍ സാധിക്കാത്തത് തന്നെ ഒരു പരാജയമാണ്. പക്ഷേ, ഈ വര്‍ഷം യുക്രെയ്ൻ റഷ്യയുടെ കുര്‍സ്ക് മേഖലയില്‍ കടന്നാക്രമണം നടത്തുകയും നാറ്റോ രാഷ്ട്രങ്ങള്‍ നല്കിയ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യക്കുള്ളില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ലക്ഷ്യം കാണാതെ നീളുന്ന ഈ യുദ്ധം റഷ്യയുടെ സമ്പദ്ഘടനയ്ക്കും സൈന്യത്തിനും വരുത്തിവച്ചിട്ടുള്ള ആഘാതങ്ങളുടെ വ്യാപ്തി മറ്റു രാഷ്ട്രങ്ങള്‍ മനസ്സിലാക്കിയത് സിറിയയിലെ അസദ് ഭരണകൂടം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോഴാണ്. പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭരണം തകര്‍ന്നപ്പോള്‍ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു റഷ്യന്‍ പട്ടാളം. അങ്ങനെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍