500 സ്ട്രൈക് റേറ്റിൽ ധോണി! 502 സിക്സറുകളുമായി രോഹിത്! ഉയർന്ന് നിന്നത് ‘മുൻ തലകൾ’; പത്തിവിടർത്തി പതിരാന
Mail This Article
ഐപിഎലിലെ കൊമ്പൻമാർ തമ്മിലുള്ള പോരാട്ടം, വേദി, ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായ വാങ്കഡെ സറ്റേഡിയം. 5 തവണ വീതം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ള മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും പഴയ ‘പകയോടെ’ നേർക്കുനേർ എത്തിയത് പുതിയ നായകൻമാരുടെ നേതൃത്വത്തിൽ. എന്നാൽ, ഗാലറിയിൽ നിറഞ്ഞുകവിഞ്ഞ നീലകുപ്പായക്കാർക്കും മഞ്ഞപ്പടയ്ക്കും ആഹ്ലാദിക്കാനുള്ള നിമിഷങ്ങൾ സമ്മാനിക്കാൻ മുന്നിൽ നിന്നത് ഇരു ടീമുകളുടെയും മുൻ നായകൻമാരായ ‘തല’ ധോണിയും ‘ഹിറ്റ്മാൻ’ രോഹിത്തും. ധോണി, വെറും 4 പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിലൂടെ തന്റെ ആരാധകരുടെ മനം നിറച്ചപ്പോൾ, 20 ഓവറും ക്രീസിൽ നിന്ന് അപരാജിത സെഞ്ചറി നേട്ടത്തോടെയായിരുന്നു ഹിറ്റ്മാന്റെ ഹിറ്റ് ഇന്നിങ്സ്. ബാറ്റർമാർക്കൊപ്പം ബോളർമാരും മിന്നുന്ന ഫോമിലായതോടെ ട്വന്റി 20 ക്രിക്കറ്റിന്റെ എല്ലാ ഭാവങ്ങളും വാങ്കഡെയിലെ ചരടിൽ കോർത്തു, നീലയും മഞ്ഞയും മുത്തുകൾക്കൊണ്ട് തീർത്ത മാല പോലെ... അവസാന ഓവറിലെ ധോണിയുടെ ഫിനിഷിങ് ടച്ചിലൂടെ ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. ചെന്നൈയ്ക്ക് 20 റൺസ് വിജയം. ധോണിക്ക് പുറമേ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (40 പന്തിൽ 69), ശിവം ദുബെ (38 പന്തിൽ 66*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പരീക്ഷണാടിസ്ഥാനത്തിൽ കളത്തിലിറക്കിയ ഓപ്പണർ അജിൻക്യ രഹാനെ (8 പന്തിൽ 5) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും മൂന്നാമനായി എത്തിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും രചിൻ രവീന്ദ്രയും (16 പന്തിൽ 21) ചേർന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റൺസും (37 പന്തിൽ) ശിവം ദുബെ – ഋതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 90 റൺസും (45 പന്തിൽ) സ്വന്തമാക്കിയിരുന്നു. ഇതായിരുന്നു ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്. മുംബൈയ്ക്കായി 4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയും 3 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് നബിയും ബോളിങ്ങിൽ തിളങ്ങി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും ജെറാൾഡ് കോട്ട്‌സി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.