പൊരുതി തോറ്റിട്ടും ‘ചരിത്രം’ എഴുതി ബെംഗളൂരു; സ്വയം ‘തിരുത്തി’ ഹൈദരാബാദ്; റെക്കോർഡുകളുടെ പെരുമഴ പെയ്ത രാവ്
Mail This Article
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി വൈകിയും സൂര്യൻ അസ്തമിച്ചിരുന്നില്ല. ഹൈദരാബാദിന്റെ വെടിക്കെട്ട് ഇന്നിങ്സിന് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ബെംഗളൂരുവും ചിന്നസ്വാമിയിലെ ആരാധകരും. ഒടുവിൽ പൊരുതി വീണെങ്കിലും ബെംഗളൂരു താരങ്ങളും ആരാധകരും തല ഉയർത്തി തന്നെയാണ് ചിന്നസ്വാമി സ്റ്റേഡിയം വിട്ടത്. ആർസിബി പരാജയപ്പെട്ടത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിനോട് പടപൊരുതിയാണ്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 288 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യത്തിന് 25 റൺസിന് പിന്നിൽ മത്സരം അവസാനിച്ചെങ്കിലും ബെംഗളൂരു സ്വന്തമാക്കിയത് ഐപിഎലിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ടോട്ടൽ ആണ് (262 റൺസ്). ∙ ഹൈദരാബാദിന്റെ ‘തല’ 41 പന്തിൽ 102 റൺസെടുത്ത ട്രാവിസ് ഹെഡാണു ഹൈദരാബാദ് ഇന്നിങ്സിന്റെ നെടുനായകൻ. 39 പന്തുകളിൽ നിന്നാണ് ട്രാവിസ് സെഞ്ചറി പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചറിയും ഈ സീസണിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയുമാണ് ട്രാവിസിന്റേത്. 30 പന്തുകളിൽ നിന്ന് സെഞ്ചറി കണ്ടെത്തിയിട്ടുള്ള ക്രിസ് ഗെയിലാണ് ഈ പട്ടികയിലെ ഒന്നാമൻ. 8 സിക്സറുകളും 9 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ട്രാവിസിന്റെ ചിന്നസ്വാമിയിലെ ഇന്നിങ്സ്. അഭിഷേക് ശർമയുമായി (22 പന്തിൽ 34) ചേർന്ന് പവർ പ്ലേ ഓവറുകളിൽ നിന്ന് ടീം സ്കോർബോർഡിൽ 75 റൺസാണ് ട്രാവിസ് ഹെഡ് എഴുതിച്ചേർത്തത്. ഇവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ആകെ പിറന്നത് 108 റൺസാണ്. അതും 49 പന്തുകളിൽ നിന്ന്.