ഐപിഎലിൽ തല്ലുമാല: റൺമഴയിൽ വിറച്ച് ബോളർമാർ; അടുത്തെത്തി ആ മാജിക്കൽ നമ്പർ
Mail This Article
‘ടീം ടോട്ടലിനു മുന്നിൽ 3 എന്ന നമ്പർ കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ’– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ 287 റൺസ് നേടി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തം പേരിൽ കുറിച്ച ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് പറഞ്ഞു. 287 റൺസ് നേടാൻ സാധിച്ച തങ്ങൾക്ക് 300 റൺസ് എന്ന മാജിക്കൽ നമ്പറിലേക്ക് എത്താൻ അധികം സമയം വേണ്ടെന്ന സൂചന കൂടി ഹെഡിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ വരെ 200 റൺസ് എന്നത് ഐപിഎലിലെ മികച്ച ടോട്ടലായിരുന്നെങ്കിൽ ഈ സീസണിൽ 250 റൺസ് പോലും സേഫ് അല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിർത്തിയാണ് പഞ്ചാബ് കിങ്സ് മറികടന്നത്. 42 സിക്സറുകളായിരുന്നു ആ മത്സരത്തിൽ ആകെ പിറന്നത്. ട്വന്റി20 ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡാണ്. ഇത്തരത്തിൽ റൺമഴ നിർത്താതെ പെയ്യുന്ന ഈ ഐപിഎൽ സീസണിൽ ബോളർമാരുടെ സ്ഥിതിയാണ് കഷ്ടം. ബാറ്റർമാർ ഒന്നിനു പുറകേ ഒന്നായി റെക്കോർഡുകൾ വാരിക്കൂട്ടുമ്പോൾ നാണക്കേടിന്റെ റെക്കോർഡുകൾ മുഴുവൻ ബോളർമാർ ഏറ്റുവാങ്ങുകയാണ്.