അന്നവർ ചോദിച്ചു, സഞ്ജു വീണ്ടും പഴയ ശൈലിയിലേക്കോ? 4000 അടിച്ച് മറുപടി: ‘മലയാളി’ ഭാഗ്യം തെളിയുമോ ലോകകപ്പിൽ!
Mail This Article
‘വിയർപ്പു തുന്നിയിട്ട കുപ്പായം’. ട്വന്റി20 ലോകകപ്പിനുള്ള ദേശീയ ടീമിൽ ഇടം ഉറപ്പിച്ച ശേഷം സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വരികളാണിത്. സമീപകാലത്ത് ഏറ്റവും ഹിറ്റായ മലയാള സിനിമയിലെ ഈ വരികൾ പോലെ തന്നെയാണ് സഞ്ജുവിന്റെ രാജ്യാന്തര കരിയറും. ഒഴിവാക്കാൻ ഒരു കാരണമെങ്കിലും കണ്ടെത്താൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് കണ്ണടയ്ക്കാൻ കഴിയാത്ത നൂറിലേറെ കാരണങ്ങൾ വച്ചുനീട്ടുന്ന തീപ്പൊരി താരം. വർഷങ്ങൾ നീണ്ട, തോറ്റ് പിന്മാറാൻ തയാറാക്കാത്ത കഠിന പ്രയത്നത്തിന്റെ വിയർപ്പ് പറ്റിയതാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലേക്കുള്ള സഞ്ജുവിന്റെ ദേശീയ കുപ്പായം. ലോകകപ്പുകളിലെ ടീം ഇന്ത്യയുടെ വിജയ സാന്നിധ്യമാകാൻ വീണ്ടും ഒരു മലയാളി, സഞ്ജു സാംസൺ. ഏതൊക്കെ ലോകകപ്പ് ടീമുകളിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നോ അന്നൊക്കെ ഇന്ത്യ കപ്പിൽ മുത്തമിട്ടതാണ് ചരിത്രം. ആ ചരിത്രം സഞ്ജുവിലൂടെയും ആവർത്തിക്കപ്പെടുമെന്നുതന്നെയാണ് മലയാളി ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയും. 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറിയത്. 25 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 374 റൺസ് നേടിയിട്ടുള്ള താരം ഐസിസിയുടെ ഒരു പരമ്പരയിൽ പോലും ടീം ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലായിരുന്നു.