‘പെണ്ണുങ്ങൾ ചെസിൽ മിടുക്ക് കാട്ടില്ല’: തിരുത്തി ജൂഡിത്ത്; സ്വന്തം കാലാളിനെ ബലികഴിച്ച് കരുത്തു നേടുന്ന രാജ്ഞി; 64 കളങ്ങൾ പറഞ്ഞ കഥകൾ
Mail This Article
"അന്തർജ്ഞാനവും ചോദനയും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പ്രത്യേകിച്ച്, ദിവസേന എടുക്കേണ്ട അതിവേഗ തീരുമാനങ്ങളെ. വെറും മൂന്ന് നീക്കങ്ങളിൽ ചെക്ക്മേറ്റിനുള്ള സാധ്യതയുണ്ടോ എന്ന് ഒരു ചെസ് കളിക്കാരന് നിർണയിക്കാൻ കഴിയും.അതിനു മുൻപ് അങ്ങനെയൊരു പൊസിഷൻ അയാൾ കണ്ടിട്ടില്ല എങ്കിൽ പോലും." (ഗാരി കാസ്പറോവ്, 2007) പതിനഞ്ച് നൂറ്റാണ്ട് മുൻപ് ഇന്ത്യയിലാണ് ചെസിന്റെ മുൻഗാമിയായ ചതുരംഗം ജനിച്ചത്. ലളിതമായ ബോർഡ് ഗെയിമുകൾക്ക് അതിലേറെ പഴക്കമുണ്ട്. റോമിലെ കൊളോസിയം സന്ദർശിച്ച വേളയിൽ, രണ്ടായിരം വർഷം മുൻപ് കാണികൾ വരിയും നിരയും കളിച്ചതിന്റെ തെളിവുകൾ കണ്ടിട്ടുണ്ട്. മൈതാനത്ത് ചോര ചിന്തുന്ന മനുഷ്യ-മൃഗയാ വിനോദങ്ങളുടെ ഇടവേളയിലായിരുന്നു ഈ നേരമ്പോക്ക്. അഞ്ച് നൂറ്റാണ്ടു മുൻപ് ആധുനിക ചെസ് രൂപപ്പെട്ടു. അടഞ്ഞ മുറിയിൽ മേൽക്കൂരയുടെ കീഴിൽ കളങ്ങളിൽ നീങ്ങുന്ന കരുക്കൾ. അവയിൽ യുദ്ധമുറകളും രൂപകങ്ങളും, യുദ്ധം പോലെ ഹിംസ മനസ്സിൽ. എതിരാളിയെ ബഹുമാനിക്കണം, ഒപ്പം തച്ചു തകർക്കണം. യോദ്ധാവിന്റെ പോരാട്ടവീര്യവും പ്രതിരോധവും ഇഴചേരണം. സംയമനം കൈവിടാതെ സംസ്കാരചിത്തനാകണം. ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മഹാപ്രതിഭകളായ ചെസ് കളിക്കാരുടെ മനസ്സിന്റെ പിടിവിട്ടു പോയതിൽ അദ്ഭുതമില്ല. ഇത്രയും എഴുതിയതിനാൽ എനിക്ക് ഈ കളി അറിയാമെന്ന് കരുതരുത്. അടിസ്ഥാന വിവരമല്ലാതെ ഒന്നുമറിയില്ല. ബാല്യത്തിൽ ചില ശ്രമങ്ങൾ നടത്തിയതല്ലാതെ എന്നെ പിടിച്ചിരുത്താൻ ചതുരംഗത്തിന് കഴിഞ്ഞില്ല. അതിലേറെ ആസ്വദിച്ച നാടൻ കളികൾ ഉണ്ടായിരുന്നു - ബോർഡ് ഗെയിമുകളായ വരിയും നിരയും, പടവെട്ട്, പാമ്പും കോണിയും, പഞ്ചീസ്. നൂറാം കളം കയ്യേറി വിജയിക്കുന്നതിനു മുൻപ്, തൊണ്ണൂറ്റിയെട്ടാം കളത്തിൽ വിഴുങ്ങാൻ തയാറായി നിൽക്കുന്ന ഒരു പാമ്പുണ്ട്. അവസാന യുദ്ധം ജയിക്കാതെ അന്തിമജയമില്ല. പക്ഷേ ഇവിടെ കളിക്കാരന്റെ മികവല്ല, കരുക്കളിലെ ഭാഗ്യമാണ് വിധി നിർണയിക്കുന്നത്. പഞ്ചീസിലും സ്ഥിതി വ്യത്യസ്തമല്ല. ചെസിൽ ഭാഗ്യത്തിന് തീരെ പ്രാധാന്യമില്ല എന്നല്ല, കളിക്കാരന് പക്ഷേ ഭാഗ്യത്തെ വെല്ലുന്ന തലച്ചോറു വേണം.