പ്രായം 'കൂടി', പക്ഷേ പ്രതികാരത്തിൽ മെസ്സിക്കൊപ്പം രോഹിത്! പെലെയേയും മറികടന്ന ക്യാപ്റ്റൻ
Mail This Article
ട്വന്റി 20 ക്രിക്കറ്റിലെ പുതിയ രാജാക്കൻമാർ അവതരിച്ചുകഴിഞ്ഞു. ജൂൺ 29ന് വെസ്റ്റിൻഡീസിലെ ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ആ കിരീടധാരണം. ഇതോടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഒരു പ്രധാന നാഴികക്കല്ല് കൂടി ഇന്ത്യൻ ക്രിക്കറ്റ് സ്വന്തമാക്കി. ക്രിക്കറ്റിൽ രണ്ടു തവണ വീതം ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും നേടിയ ടീമുകളുടെ പട്ടികയിൽ ഇനി മുതൽ ഇന്ത്യയ്ക്കുമുണ്ട് (ഏകദിന ലോകകപ്പുകൾ: 1983, 2011, ട്വന്റി20 ലോകകപ്പുകൾ: 2007, 2024) മിന്നും സ്ഥാനം. നേരത്തേ വെസ്റ്റിൻഡീസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു (ഏകദിന ലോകകപ്പുകൾ: 1975, 79, ട്വന്റി20 ലോകകപ്പുകൾ: 2012, 2016). ഇന്ത്യയ്ക്ക് രണ്ടാമതൊരു ട്വന്റി20 ലോകകിരീടത്തിനായി 17 വർഷവും, 9 ടൂർണമെന്റുകളും കാത്തിരിക്കേണ്ടി വന്നു. 2007ലായിരുന്നു പ്രഥമ ട്വന്റി20 ലോകകപ്പ് ചാംപ്യൻപട്ടം ഇന്ത്യ ഒപ്പം കൂട്ടിയത്. ഏകദിന ക്രിക്കറ്റിലെ വലിയ ഇടവേളയും ഇന്ത്യയുടെ പേരിലാണ് – നീണ്ട 27 വർഷങ്ങൾ (1983–2011). ഫുട്ബോളിൽ ഏറ്റവും കൂടുതൽ കാലത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് സ്വന്തമാക്കുന്ന രാജ്യം എന്ന ബഹുമതി ഇറ്റലിക്ക് അവകാശപ്പെട്ടതാണ്. 1938ൽ കിരീടം നേടിയതിനുശേഷം വീണ്ടും അവർ ജേതാക്കളാകുന്നത് 1982ൽ മാത്രം. 44 വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു ടീം ഫുട്ബോൾ ലോകകപ്പ് വീണ്ടെടുത്തതും റെക്കോർഡായിരുന്നു. റെക്കോർഡുകൾ ഇങ്ങനെ നീളുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ചില നേട്ടങ്ങൾ തന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. ഹിറ്റ്മാൻ രോഹിതിന്റെ പേരിനുനേരെ ചില റെക്കോർഡുകൾ പിറന്നപ്പോൾ കടപുഴകിയത് പെലെ, മെസ്സി, കഫു, സച്ചിൻ തെൻഡുൽക്കർ, ഇമ്രാൻ ഖാൻ തുടങ്ങിയ ഇതിഹാസങ്ങളുടെ പേരിലുള്ള ചില റെക്കോർഡുകൾകൂടിയാണ്. അതെങ്ങനെയാണ് ഫുട്ബോൾ റെക്കോർഡുകളും ക്രിക്കറ്റ് റെക്കോർഡുകളും കൂട്ടിക്കെട്ടാനാവുക?