മൊറോക്കൻ തെരുവിൽ വളർന്ന പോരാളി; ക്രിസ്റ്റ്യാനോയുടെ ആരാധകൻ; നോവ ഇനി കേരളത്തിന്റെ ‘ബ്ലാസ്റ്റർ’
Mail This Article
നോവ സദൂയി എന്ന ഫുട്ബോളർക്കു മുഖവുരയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഗോളിനു മുന്നിൽ എപ്പോഴും പൊട്ടാവുന്നൊരു ഡൈനാമിറ്റാണു കക്ഷിയെന്ന് ഐഎസ്എലിന്റെ കളിക്കളങ്ങളിൽ പലവട്ടം തെളിഞ്ഞിട്ടുണ്ട്. പ്രതിരോധ നിരയിൽ വിടവുകൾ സൃഷ്ടിച്ചു പാഞ്ഞു കയറാനുള്ള സാമർഥ്യമാണു മൊറോക്കൻ താരത്തിന്റെ ഹൈലൈറ്റ്. ഫൈനൽ േതഡിൽ എവിടെ നിന്നും ഗോളിലേക്കു തീയുണ്ടകൾ വർഷിക്കുമെന്നത് ആ സാമർഥ്യത്തെ അതിസാമർഥ്യവുമാക്കും സദൂയി. കഴിഞ്ഞ സീസണിൽ ഐഎസ്എലിലും സൂപ്പർ കപ്പിലും ഡ്യുറാൻഡിലുമായി ഗോവൻ നിറത്തിൽ 31 മത്സരങ്ങളിൽ കളത്തിലെത്തിയ മൊറോക്കൻ താരം 18 ഗോളുകളും 7 അസിസ്റ്റുകളുമാണു ടീമിനു സമ്മാനിച്ചത്. ഐഎസ്എലിലെ മാത്രം കണക്കുകളെടുത്താൽ 23 മത്സരം, 11 ഗോൾ, 5 അസിസ്റ്റ് എന്ന തിളക്കമുള്ള നമ്പറുകളാണു മുപ്പതുകാരന്റെ സമ്പാദ്യം. ഗോവയുടെ ഓറഞ്ച് അണിഞ്ഞു ഗോൾമുഖത്തു വിളവെടുപ്പു നടത്തിയ നോവയുടെ തട്ടകം ഇനി കേരളത്തിന്റെ ബ്ലാസ്റ്റേഴ്സാണ്. 2020 ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്കൻ ടീമംഗമായ സദൂയിക്കൊത്ത പങ്കാളിയായി അഡ്രിയൻ ലൂണയെന്ന പ്ലേമേക്കർ കൂടി ചേരുന്നിടത്താണ് ഈ സീസണിൽ കേരളം കാത്തിരിക്കുന്ന ‘ബ്ലാസ്റ്റ്’ സൂപ്പർ ലീഗിൽ തെളിയുന്നത്. പുതിയ ടീമിനെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും നോവ സദൂയി മനസ്സ് തുറക്കുന്നു.