പ്രീതി, ജൂഹി, തപ്സി, ഷാറുഖ്...: ഇനി പൃഥ്വി, ആസിഫ്: ഒഴുകുക കോടികളുടെ നിക്ഷേപം; ലാഭം മാത്രമല്ല താരങ്ങളുടെ ലക്ഷ്യം
Mail This Article
ഒരു ഫുട്ബോൾ മൈതാനം, മത്സരം പുരോഗമിക്കുന്നതിനിടെ ഇരു ടീമുകളുടെയും ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുന്നു. ഗാലറിയുടെ വിഐപി ബോക്സിൽ ടീം ഉടമകളായ പൃഥ്വിരാജും ആസിഫ് അലിയും ഇരിക്കുന്നു. ക്യാമറക്കണ്ണുകൾ ഇവർക്ക് നേരെ തിരിയുമ്പോൾ ചിരിയോടെ ഇരുവരും കൈവീശുന്നു, കാണികൾ കൂടുതൽ ആവേശത്തിലാകുന്നു... – ഏതെങ്കിലും സ്പോർട്സ് സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയിലെ സീൻ അല്ല ഇത്. ഒരു മാസത്തിനിപ്പുറം കേരളത്തിൽ യഥാർഥത്തിൽ അരങ്ങേറാൻ പോകുന്ന ഒരു രംഗത്തിന്റെ ഏകദേശ വിവരണം മാത്രമാണ്. അതെ, കേരളത്തിന്റെ ഹൃദയത്തുടിപ്പായ കാൽപ്പന്തുകളിയെയും അങ്ങനെ സിനിമയിൽ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗായ ‘സൂപ്പർ ലീഗ് കേരള’യ്ക്കു (എസ്‌എൽകെ) ‘സെലിബ്രറ്റി’ സ്റ്റാറ്റസ് നൽകിയാണ് പൃഥ്വിരാജും ആസിഫ് അലിയും ലീഗിന്റെ ഭാഗമാകുന്നത്. 2024 സെപ്റ്റംബർ ആദ്യവാരം കിക്കോഫ് നടത്താൻ ഒരുങ്ങുന്ന ലീഗിലേക്കു ചലച്ചിത്ര രംഗത്തു നിന്നു കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജാണു ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ. ‘ഫോഴ്സ കൊച്ചി എഫ്സി’യുടെ സഹ ഉടമ ആയാണ് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിനു മുന്നിൽ പുതിയ നിക്ഷേപ സാധ്യത തുറന്നത്. അതിനു പിന്നാലെ, ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ ‘തൃശൂർ റോർ’ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി. എസ്എൽകെ ടീമായ കണ്ണൂർ വാരിയേഴ്‌സിലാണ് ആസിഫ് അലി നിക്ഷേപം നടത്തിയത്. കേരളത്തിലെ ആറു നഗരങ്ങൾ കേന്ദ്രീകരിച്ച്