ശ്രീജേഷ് പറയുന്നു: ആ വലിയ പാഠങ്ങൾ പഠിപ്പിച്ചത് അച്ഛനും അമ്മയും; ഞാൻ ‘ക്യാപ്റ്റൻ കൂൾ’ അല്ല; ഷാരുഖിനെ പോലെ എനിക്കുമുണ്ട് സ്വപ്നം’
Mail This Article
എപ്പോഴും ചിരിച്ചുകൊണ്ടേ ശ്രീജേഷിനെ കാണാനാകൂ. അതിനെപ്പറ്റി ചോദിച്ചാൽ ഈ മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പറയും– ‘ഞാൻ ക്യാപ്റ്റൻ കൂൾ’ അല്ല, കളിക്കളത്തിൽ അൽപം അഗ്രസീവാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ സീനിയർ ഹോക്കി ടീമിന്റെ ഗോൾവല കാത്ത പി.ആർ. ശ്രീജേഷ് തന്റെ രണ്ടാം ഒളിംപിക് മെഡലും സ്വന്തമാക്കിയാണ് കളിക്കളം വിട്ടത്. എന്നാൽ ആ മെഡലുകളൊന്നും വ്യക്തിപരമായ നേട്ടമല്ലെന്നും, അത് രാജ്യത്തിനു വേണ്ടി നേടിയതാണെന്നും പറയും ശ്രീജേഷ്. കളിക്കളത്തിൽ രാജ്യത്തിന്റെ തല താഴാതിരിക്കാൻ നെഞ്ചു വിരിച്ച്, തലയുയർത്തി ഗോൾപോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച ശ്രീജേഷ് മനസ്സു തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
വിരമിച്ചതിനു പിന്നാലെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായിരിക്കുന്നു ശ്രീജേഷ്. അദ്ദേഹത്തെ കണ്ട്, ഹോക്കിയിൽ ഹരിശ്രീ കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളിൽ വലിയൊരു പങ്ക് കേരളത്തിലും ഉണ്ട്. പക്ഷേ ഹോക്കി സ്വപ്നം കണ്ടാൽ അതിനു പിന്തുണയേകാൻ തക്ക അടിസ്ഥാന സൗകര്യം കേരളത്തിലുണ്ടോ? എന്തെല്ലാം പദ്ധതികളാണ് ഇന്ത്യയുടെ ഹോക്കി ‘ജൂനിയേഴ്സി’നു വേണ്ടി ശ്രീജേഷിന്റെ മനസ്സിലുള്ളത്? ഹോക്കി മൈതാനത്തിൽനിന്നു പഠിച്ചെടുത്ത എന്തെല്ലാം കാര്യങ്ങളാകും അദ്ദേഹം പുതുതലമുറയ്ക്കായി കാത്തുവച്ചിട്ടുണ്ടാവുക? എല്ലാം പറയുകയാണ് ഇന്ത്യൻ ഹോക്കിയിലെ ‘സ്വപ്നങ്ങളുടെ കാവൽക്കാരൻ’ ഈ അഭിമുഖത്തിൽ...
∙ ശ്രീജേഷ് ജൂനിയർ ഹോക്കി ടീമിന്റെ ഗുരു എന്ന പുതിയ ചുമതലയിലേക്ക് മാറുന്നു. ആരാണ് ശ്രീജേഷിന്റെ പ്രിയപ്പെട്ട ഗുരുനാഥൻ? അധ്യാപകനോ പരിശീലകനോ ജീവിതത്തിൽ കണ്ടുമുട്ടിയ ആരെങ്കിലുമോ കുടുംബാംഗമോ...
അങ്ങനെ ചോദിച്ചാൽ ഒരുപാട് പേരുണ്ട്. അതിൽ ഒരാളുടെ മാത്രം പേര് എടുത്തുപറഞ്ഞാൽ അത് മറ്റുള്ളവരേട് ചെയ്യുന്ന തെറ്റായി പോകും. പിന്നെ എനിക്ക് തോന്നുന്നു, എടുത്തു പറയാൻ പറ്റുന്ന ഏറ്റവും വലിയ ഗുരുക്കൻമാർ നമ്മുടെ മാതാപിതാക്കൾ തന്നെയാണെന്ന്. അവരു പഠിപ്പിക്കുന്ന ഓരോ കാര്യങ്ങളും നമുക്ക് ജീവിതത്തിൽ വളരെ ഉപകാരപ്പെടാറുണ്ട്. എന്റെ അച്ഛൻ ഒരു കൃഷിക്കാരനാണ്. അദ്ദേഹം ഒരിക്കലും ഒറ്റ ദിവസംകൊണ്ട് വിളകൾ കൊയ്തെടുക്കാറില്ല. നന്നായി വിയർപ്പൊഴുക്കി അധ്വാനിച്ചു തന്നെയാണ് വിള പാകപ്പെടുത്തിയെടുക്കുന്നത്.
അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും വില അദ്ദേഹത്തിൽനിന്നാണ് ഞാൻ പഠിച്ചത്. എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നും അതിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നെ അമ്മ, മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങൾക്കു വേണ്ടി എന്തും മാറ്റിവയ്ക്കാൻ തയാറാകുന്ന ആളാണ്. കുടുംബത്തിനു വേണ്ടി സെൽഫ്‌ലെസായി നിലകൊള്ളുന്ന ആൾ. ഞാൻ എന്ന ചിന്തമാറ്റിവച്ച് നമ്മളാൽ കഴിയുന്നതിന്റെ പരമാവധി എവിടെയും ചെയ്യാൻ കഴിയുക എന്ന പാഠം പഠിച്ചത് അമ്മയുെട ഈ ആറ്റിറ്റ്യൂഡുകളിൽ നിന്നാണ്.
∙ ഹോക്കിയിൽ ‘ആദ്യാക്ഷരം കുറിക്കാൻ’ ആഗ്രഹിക്കുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത്?
ഒന്നാമതായി, നിങ്ങൾ വലിയ സ്വപ്നങ്ങളോടെ കളിക്കളത്തെ സമീപിക്കുക. ഒളിംപിക്സിൽ രാജ്യത്തിനായി കളത്തിലിറങ്ങണം എന്നതു തന്നെയാവണം ആ സ്വപ്നം. എന്റെ തൊട്ടുമുന്നിൽ സൗകര്യങ്ങളും സാഹചര്യങ്ങളും ഇല്ലെന്ന് ചിന്തിച്ച് പിന്നോട്ട് പോകാതെ, എവിടെയാണോ സൗകര്യങ്ങളും സാഹചര്യങ്ങളും ഉള്ളതെന്ന് തേടിപ്പിടിച്ച് അവിടെ പോയി പരിശീലനം നേടുക. സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) പോലെയുള്ള സംഘടനകൾ കുട്ടികളിലെ കായിക വാസന വളർത്താൻ ജില്ലാ തലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിലും മറ്റും പങ്കു ചേർന്ന് ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കണം.
∙ ശ്രീജേഷിനെ കണ്ട് ഹോക്കിയിലേക്ക് ഹരിശ്രീ കുറിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കുട്ടികൾ കേരളത്തിലുണ്ട്. പക്ഷേ അവർക്കാവശ്യമായ നല്ല ഹോക്കി മൈതാനങ്ങൾ പോലും ഇവിടെ ഇല്ലല്ലോ..
ആവാസ വ്യവസ്ഥ എന്നു ഫറയുന്നത് കേട്ടിട്ടില്ലേ. നദിയും അതിനോട് അനുബന്ധമായ മറ്റ് സൗകര്യങ്ങളും ഉള്ള സ്ഥലത്താണ് ആവാസവ്യവസ്ഥകൾ രൂപപ്പെടുന്നതും ജീവജാലങ്ങൾ തിങ്ങിപ്പാർക്കുന്നതും. ഇതിന്റെ പ്രധാന കാരണം ഓരോരുത്തർക്കും അവർക്ക് ആവശ്യമായ കാര്യങ്ങൾ അവിടെനിന്നും ലഭിക്കും എന്നതുതന്നെയാണ്. കായിക രംഗത്തിന്റെ കാര്യവും മറ്റൊന്നല്ല. അവർക്കും വളർന്നു വരണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും പ്രധാനമാണ്. ഉദാഹരണമായി നമ്മുടെ കുട്ടികളുടെ ഇടയിൽ കൂടുതൽ പ്രചാരത്തിലുള്ള ക്രിക്കറ്റ് തന്നെയെടുക്കാം. നമ്മളെല്ലാവരും ക്രിക്കറ്റ് കളിക്കുന്നതിന്റെ പ്രധാനകാരണം എന്താണ്?
വേണമെങ്കിൽ പാടത്തോ പറമ്പിലോ എവിടെ വേണമെങ്കിലും നമുക്ക് ക്രിക്കറ്റ് കളിക്കാം. അതിനാൽ തന്നെ എവിടെയും അതിനുള്ള അവസരങ്ങളും നമ്മുടെ മുന്നിലുണ്ട്. എന്നാൽ, ഹോക്കിയുടെ കാര്യത്തിൽ അത് കഴിയില്ല. ഹോക്കി കളിക്കണമെങ്കിൽ കൃത്യമായ ഒരു ഗ്രൗണ്ട് വേണം. അതിനാൽത്തന്നെ മികച്ച ഗ്രൗണ്ടുകൾ പോലെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് ഒരുക്കി നൽകുന്നില്ലെങ്കിൽ അവർക്ക് ഹോക്കിയിലേക്ക് വരാനോ പ്രഫഷനലായി പരിശീലനം നേടാനോ കഴിയില്ല. ഏത് ഗെയിം വളരണമെങ്കിലും മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നതാണ് ഏറ്റവും പ്രധാനകാര്യം. മികച്ച മൈതാനം നല്ല പരിശീലകർ എന്നിവയെല്ലാം ഉണ്ടെങ്കിലാണ് ഹോക്കി ഉൾപ്പെടെ ഏത് ഗെയിമും നന്നായി കുട്ടികളിലേക്ക് എത്തിക്കാനാകൂ.
∙ കേരളത്തിലെ ഹോക്കി വളർച്ചയ്ക്കു വേണ്ടി ശ്രീജേഷിന്റെ മനസ്സിലും പല പദ്ധതികളും ഉണ്ടാകില്ലേ...
ഞാൻ ഒരു ക്രിക്കറ്റ് താരമോ മറ്റോ ആയിരുന്നെങ്കിൽ സ്വന്തമായി കുറേ പണം ഒക്കെ ഉണ്ടാക്കി ഒരു ടർഫും അക്കാദമിയും ഒക്കെ തുടങ്ങി മികച്ച പരിശീലനം കുട്ടികൾക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയേനെ. കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് ചെയ്യാൻ സാധിക്കുമായിരുന്നത് ഞാൻ നന്നായിത്തന്നെ ചെയ്തു പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രൗണ്ടിൽ നന്നായി പെർഫോം ചെയ്ത്, ഹോക്കി എന്ന ഗെയിമിന് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇടയിൽ നല്ല പ്രചാരം നൽകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. കളിച്ചു മുന്നേറാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി മറ്റ് സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
∙ ‘ചക്ദേ ഇന്ത്യ’ സിനിമയിലെ ഹോക്കി കോച്ച് ഷാരുഖ് ഖാനെപ്പോലെ ജൂനിയർ ടീമിനെ പരിശീലിപ്പിക്കുന്ന ശ്രീജേഷിന് ഒരു വലിയ ആഗ്രഹം എന്തെങ്കിലും ഉണ്ടോ?
തീർച്ചയായും ഉണ്ട്. അത് ഒളിംപിക് മെഡൽ തന്നെയാണ്. കുട്ടികൾക്ക് ലക്ഷ്യബോധമുണ്ടെങ്കിൽ അവർ എന്തും ചെയ്യും. ചെറുവിജയങ്ങളിൽ അവർ അമിതമായി ആഘോഷിക്കാൻ തുടങ്ങിയാൽ അവർക്കു വലിയ ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാൻ പ്രയാസമായിരിക്കും. ചെറുപ്രായത്തില്‍ത്തന്നെ അവർക്കു മുന്നിൽ വലിയ ലക്ഷ്യങ്ങൾ നൽകി അവരെ അവിടേക്ക് നയിക്കുകയും വഴികാണിച്ചുകൊടുക്കുകയുമാണ് ഞാൻ ചെയ്യേണ്ടത്.
പിന്നെ ഞാൻ ഒളിംപിക്സ് മെഡൽ ഒളിംപിക് മെഡൽ എന്നു പറയുമ്പോൾ അത് വിശ്വസിക്കാനും അത് ഉൾക്കൊണ്ട് മുന്നോട്ടുപോകാനുള്ള തെളിവും അവർക്കു മുന്നിലുണ്ട്. അവരുടെ മുന്നിൽ നിൽക്കുന്ന എന്റെ കയ്യിൽ രണ്ട് ഒളിംപിക്സ് മെഡലുകൾ ഉണ്ട്. ഞാൻ എന്തുപറഞ്ഞാലും അത് വിശ്വസിക്കാനും അത് ഫോളോ ചെയ്യാനും അവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകവും അതാണ്. ഒരാൾ വെറുതേ പറയുന്നതിനേക്കാൾ, അത് ചെയ്തു കാണിച്ചുകൊടുത്തിട്ടുള്ളവൻ തന്നെ പറയുമ്പോഴാണല്ലോ അതിന് കുറച്ചുകൂടുതൽ വിശ്വാസ്യതയുണ്ടാകുന്നത്.
∙ ഗൂഗിളിൽ പി.ആർ. ശ്രീജേഷ് എന്നു തിരഞ്ഞാൽ വരുന്ന ചിത്രങ്ങളെല്ലാം ചിരിച്ചു നിൽക്കുന്നതാണ്. അതിപ്പോൾ മൈതാനത്താണെങ്കിലും പുറത്താണെങ്കിലും.. ഇതെങ്ങനെയാണ് ‘ക്യാപ്റ്റൻ കൂളായി’ നിൽക്കാൻ സാധിക്കുന്നത്?
ഞാൻ അങ്ങനെ ‘ക്യാപ്റ്റൻ കൂൾ’ ഒന്നുമല്ല. ഞാൻ ഗ്രൗണ്ടിൽ അത്യാവശ്യം അഗ്രസീവ് ആറ്റിറ്റ്യൂഡ് പുലർത്തുന്ന ആളാണ്. പിന്നെ ഞാൻ ചിരിക്കുന്നത്, ഒരാൾക്ക് വിഷമം ഉണ്ടെങ്കിൽപ്പോലും ചിരിക്കാം അല്ലേ? പിന്നെ എനിക്കുതോന്നുന്നു എല്ലാവർക്കും ഫ്രീയായി നൽകാൻപറ്റുന്ന ഏറ്റവും നല്ലകാര്യം ചിരിയാണ്. പിന്നെ ചിരി എന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മളെല്ലാവരും കുട്ടിക്കാലം മുതലേ കേൾക്കുന്ന കാര്യവുമാണ്. ഇതെല്ലാംകൊണ്ട് സംഭവിക്കുന്നതാകാം. കരുതിക്കൂട്ടി ചിരിക്കുന്നതല്ല, അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്.
∙ 36 വയസ്സേ ആയിട്ടുള്ളൂ ശ്രീജേഷിന്. 50–ാം വയസ്സിൽ ശ്രീജേഷ് എവിടെയായിരിക്കും ഉണ്ടാവുക? അപ്പോഴേക്കും ഷെൽഫിൽ പുതുതായി ഏതൊക്കെ കപ്പുകൾ എത്തിയിട്ടുണ്ടാകും?
ഞാൻ ഒരിക്കലും എന്റെ ഷെൽഫ് നിറയ്ക്കാൻ വേണ്ടി കളിച്ചിട്ടില്ല. ഹോക്കി കളിക്കാൻ തുടങ്ങിയ കാലംമുതൽ എന്റെ രാജ്യത്തിനു വേണ്ടി ഒളിംപിക്സ് കളത്തിലിറങ്ങണം എന്നായിരുന്നു ആഗ്രഹം. അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചു പരിശീലിച്ചു. അതിനാലാണ് ഒളിംപിക്സിൽ രാജ്യത്തിനായി ഇറങ്ങാനും മെഡലുകൾ നേടാനും വരെ സാധിച്ചത്. അതിൽ നിന്നാണ് മറ്റെല്ലാ പുരസ്കാരങ്ങളും എന്നത്തേടി എത്തിയിട്ടുള്ളത്. അതിപ്പോൾ അർജുന അവാർഡ് ആയാലും ഖേൽ രത്ന ആയാലും പത്മശ്രീ ആയാലും ആ കഠിനാധ്വാനത്തിന്റെ ഫലമായി എന്നെ തേടിയെത്തിയതാണ്.
എന്നാൽ, ഞാൻ ഒരിക്കലും അധ്വാനിച്ചത് ഇത്തരം നേട്ടങ്ങൾക്ക് വേണ്ടി ആയിരുന്നില്ല. എനിക്ക് എന്റേതായ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. പിന്നെ ഹോക്കി ഗ്രൗണ്ടിൽ നിന്ന് എനിക്ക് നേടാൻ കഴിയാതെ പോയ, അല്ലെങ്കിൽ രാജ്യത്തിന് ഇതുവരെ കിട്ടാതെ പോയിട്ടുള്ള എന്തെങ്കിലും മെഡലുകൾ ബാക്കിയുണ്ടെങ്കിൽ അതെല്ലാം ഈ കുട്ടികളിലൂടെ നേടിയെടുക്കുക എന്നത് എന്റെ ലക്ഷ്യവും ഉത്തരവാദിത്തവുമാണ്.
∙ ഇത്രയും കാലം ഹോക്കി ജീവിതത്തിൽനിന്നു പഠിച്ച വലിയ ചില പാഠങ്ങളുണ്ടാകില്ലേ, അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കണം എന്നാഗ്രഹിച്ചത് ? ഹോക്കി മൈതാനം പഠിപ്പിച്ച അത്തരം ചില പാഠങ്ങൾ ഓർത്തെടുക്കാമോ...
കഠിനാധ്വാനം ചെയ്യുക, ലക്ഷ്യബോധം ഉണ്ടാകണം, സ്വയം മറ്റൊരാളുമായി താരതമ്യം ചെയ്യരുത്, അടിസ്ഥാന പാഠങ്ങൾ നന്നായി പഠിക്കുക, സമയ നിഷ്ഠ പാലിക്കുക എന്നതെല്ലാമാണ് കുട്ടികൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇത്രയും കാര്യങ്ങൾ ആയാൽ തന്നെ അവർക്കു നല്ല തുടക്കംകിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
∙ ഒരു മലയാളിക്ക് സ്വപ്നം കാണാവുന്നതിന് അപ്പുറമുള്ള ഉയരങ്ങളിലാണ് താങ്കൾ നിൽക്കുന്നത്. മലയാളികളുടെ അടയാളം എന്ന നിലയ്ക്ക് സ്വന്തം കരിയറിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഞാൻ മലയാളി എന്നതിനപ്പുറം എന്റെ രാജ്യത്തിനു വേണ്ടിയാണ് കളത്തിലിറങ്ങിയിട്ടുള്ളത്. ഓരോ തവണയും ഗോൾ പോസ്റ്റിനു മുന്നിൽ നിൽക്കുമ്പോൾ, ഞാൻ കാരണം ഒരിക്കലും എന്റെ ടീം തോൽക്കരുത്, എന്റെ രാജ്യത്തിന്റെ ‘തല’ ഒരിക്കലും താഴാൻ ഇടവരരുത് എന്നാണ് ഏറ്റവും കൂടുതലായി ആഗ്രഹിക്കാറുള്ളത്. ഒപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ എന്നാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്. പിന്നെ കേരളത്തിൽ നിന്ന് ഹോക്കി കളിച്ചു വരുന്നവർക്കും സാധ്യതകളുണ്ട് എന്നു തെളിയിക്കാൻ എനിക്കു സാധിച്ചു. ഇതുവരെ ഒരു മലയാളിക്ക് നേടാൻ കഴിയാതിരുന്ന അംഗീകാരം നേടാൻ സാധിച്ചതോടെ കുട്ടികൾക്ക് ഒരു മാതൃകയായി മാറാൻ എനിക്ക് സാധിച്ചു എന്നതിൽ അഭിമാനമുണ്ട്.
∙ ക്രിക്കറ്റിനും ഫുട്ബോളിനും കബഡിക്കും മറ്റും സമാനമായി ഹോക്കി പ്രീമിയർ ലീഗ് വന്നാൽ യുവതാരങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യില്ലേ?
തീർച്ചയായും അത് വളരെ നല്ലകാര്യമാണ്. ഹോക്കി പ്രീമിയർ ലീഗ് ഉടൻതന്നെ ആരംഭിക്കുന്നുണ്ട്. കേരളത്തിൽ ഹോക്കി ലീഗ് എന്നത് കുട്ടികൾക്ക് കൂടുതൽ സാധ്യതകളാണ് തുറക്കുന്നത്. കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഹോക്കിയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാനും ഇത് അവരെ നന്നായി സഹായിക്കും. അവരുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെ കൂടുതൽ ഉണർത്താനും വളർത്താനും ഇത് വഴിയൊരുക്കുകയും ചെയ്യും.
∙ ഒരു ഹോക്കി പരിശീലകൻ എങ്ങനെയാകണമെന്നാണ് വിലയിരുത്തുന്നത്?
പരിശീലകൻ എന്നാൽ അയാൾ കാലത്തിനനുസരിച്ച് മാറേണ്ട വ്യക്തിയാണ്. ചെറിയ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ നമ്മൾ അവരെ കളിക്കാനും അതിനൊപ്പം ചിരിക്കാനും പരിശീലിപ്പിക്കണം. ഒപ്പം മുൻപു പറഞ്ഞ അടിസ്ഥാന കാര്യങ്ങൾ സായത്തമാക്കാനും അവരെ ശീലിപ്പിക്കുക. പിന്നെ യുവാക്കളിലേക്ക് വരുമ്പോൾ, അതിന്റേതായ കൃത്യമായ ചട്ടക്കൂടുകളുണ്ട്.
അവരുടെ പ്രതിഭയെ വിശ്വാസത്തിലെടുത്ത് അവർക്ക് വളരാനുള്ള അവസരങ്ങൾ ഒരുക്കി നൽകുകയാണ് വേണ്ടത്. പിന്നീട് സീനിയർ താരങ്ങളിലേക്ക് വരുമ്പോൾ, അവർ കൃത്യമായ പ്ലാനിങ്ങോടെ കളിക്കുന്നവരാകും, അവർക്ക് ശരിയായ ദിശ കാട്ടിക്കൊടുക്കുകയും അവരുടെ പ്രതിഭ ഒന്നുകൂടി തിളക്കമുള്ളതാക്കി മാറ്റാനുള്ള സഹായങ്ങളുമാണ് ഒരു പരിശീലകൻ നൽകേണ്ടത്.