അശ്വിൻ ഒരിക്കലും മറക്കില്ല ആ നിരാശ; ‘കയ്യെത്തും ദൂരത്തെ കിരീടം’ വേണ്ടെന്നുവച്ച് മടക്കം; വിരമിക്കലിലും അപ്രതീക്ഷിത ‘ടേൺ’ - Infographic Story
Mail This Article
ബാറ്റർമാർക്ക് പിടികൊടുക്കാതെ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളാണ് ആർ. അശ്വിന്റെ വജ്രായുധം. 14 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഉടനീളവും അതിന് മുൻപും അശ്വിനെ അശ്വിനാക്കി നിലനിർത്തിയതും ഈ അപ്രതീക്ഷിത നീക്കങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഗ്രൗണ്ടിൽ പുറത്തെടുത്തതിലും ചടുലവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ അദ്ദേഹം തന്റെ രാജ്യാന്തര കരിയറും അവസാനിപ്പിച്ചിരിക്കുന്നു. ‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്’. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം എത്തിയ അശ്വിൻ ഇങ്ങനെ പറയുമ്പോള്‍ ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകർക്ക് അത് വിശ്വസിക്കാനാകുന്നതിനും അപ്പുറമായിരുന്നു. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടിട്ടും അതിൽ ഒന്നിൽ മാത്രമായിരുന്നു അശ്വിൻ കളത്തിലിറങ്ങിയത്. പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുകയും 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനത്തിന് ടീം ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അശ്വിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.