കൊടുമുടിയിൽ നിന്ന് പടുകുഴിയിലേക്ക്; ആദ്യ രണ്ടുതവണ പരാജയം കലാശപ്പോരിൽ; മൂന്നാം ‘പണി’കൊടുത്തത് ‘മുൻ എതിരാളികൾ’
Mail This Article
82 ദിവസം, ചെറുപ്പത്തിന്റെ കുതിപ്പും അനുഭവ സമ്പത്തിന്റെ തികവുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ നിന്ന ‘ടീം ഇന്ത്യ’ തകർച്ചയുടെ പടുകുഴിയിലേക്ക് വീഴാൻ വേണ്ടിവന്ന കാലഘട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു തുടക്കംകുറിച്ചതിന് ശേഷം ആദ്യമായി ടീം ഇന്ത്യയ്ക്കു മുന്നിൽ ഫൈനൽ ബെർത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ട കാലഘട്ടം. 2024 സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി ചെന്നൈയിലും കാൻപൂരിലുമായി നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി വിജയിച്ച്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിൽ നിന്ന ടീമിന്റെ ഇന്നത്തെ തകർച്ച വിശ്വസിക്കാവുന്നതിനും അപ്പുറമാണ്. ഈ 82 ദിവസങ്ങൾക്കിടയിൽ നടന്ന 8 ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാനായത് ഒരേ ഒരു മത്സരത്തിൽ മാത്രമാണെന്ന് പറയുന്നിടത്താണ് ടീമിന്റെ പ്രകടനത്തിൽ വന്ന വീഴ്ച എത്രത്തോളമാണെന്ന് പൂർണമായി വ്യക്തമാകുന്നത്.